സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി: ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സി.പി.ഐ നേതാവ് എ.എസ് ബിനോയ് നല്‍കിയ ഹരജി തള്ളണമെന്ന സുരേഷ് ഗോപിയുടെ ഉപഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ചിത്രങ്ങളും ദൃശ്യങ്ങളുമടക്കം ഹരജിക്കാരന്‍ കോടതിക്ക് കൈമാറിയിരുന്നു.
എന്നാല്‍ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി ഉപഹരജി നല്‍കിയത്. കോടതി ഈ വാദം തള്ളുകയായിരുന്നു.
2024ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."