നിർണായക നീക്കവുമായി ദുബൈ ടാക്സി; 1.45 ബില്യൺ ദിർഹത്തിന് നാഷണൽ ടാക്സിയെ ഏറ്റെടുക്കും
ദുബൈ: യുഎഇയിലെ ഗതാഗത മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി ദുബൈ ടാക്സി കമ്പനി. 1.45 ബില്യൺ ദിർഹം (ഏകദേശം 145 കോടി ദിർഹം) മുടക്കി നാഷണൽ ടാക്സിയെ പൂർണ്ണമായും ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. യുഎഇയിലെ ടാക്സി വിപണിയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഏകീകരണ നീക്കമാണിത്.
നിലവിൽ ദുബൈയിലും അബുദബിയിലുമായി സർവീസ് നടത്തുന്ന നാഷണൽ ടാക്സിയുടെ 2,700-ലധികം വാഹനങ്ങൾ ഇതോടെ ദുബൈ ടാക്സിക്ക് കീഴിലാകും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ദുബൈയിലെ ടാക്സി വിപണിയിൽ കമ്പനിയുടെ വിഹിതം നിലവിലുള്ള 47 ശതമാനത്തിൽ നിന്ന് 59 ശതമാനമായി ഉയരും. ഇമാറാത്തിലെ ഗതാഗത മേഖലയിൽ ദുബൈ ടാക്സിയുടെ സ്വാധീനം കൂടുതൽ ശക്തമാക്കാൻ നീക്കം സഹായിക്കും.
കരാറിലൂടെ അബുദബിയിലെ വിപണിയിലും ദുബൈ ടാക്സി ശക്തമായ സാന്നിധ്യമായി മാറും. ഏറ്റെടുക്കലിന് ശേഷം അബുദബിയിലെ ടാക്സി വിപണിയിൽ ഏകദേശം 12 ശതമാനം വിഹിതം കമ്പനി സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ 2026-ന്റെ മൂന്നാം പാദത്തിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകും.
നവീകരണത്തിന്റെ ഭാഗമായി 600 പുതിയ ടാക്സി പ്ലേറ്റുകൾ കൂടി ദുബൈ ടാക്സി അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, ബോൾട്ട് (Bolt), സെഡ് (Zed) തുടങ്ങിയ ആപ്പുകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം ഡ്രൈവറില്ലാ ടാക്സി സേവനങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.
2026-ന്റെ തുടക്കത്തിൽ മികച്ച വരുമാന വളർച്ചയാണ് ദുബൈ ടാക്സി കൈവരിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വരുമാനത്തിൽ 10 ശതമാനത്തിന്റെ വർദ്ധനവുണ്ടായിരുന്നു. 2025-ൽ മാത്രം ടാക്സികളും ലിമോസിനുകളിലുമായി 53 ദശലക്ഷത്തിലധികം യാത്രകളാണ് കമ്പനി പൂർത്തിയാക്കിയത്. പുതിയ ഏറ്റെടുക്കൽ വഴി സേവന നിലവാരം വർദ്ധിപ്പിക്കാനും കൂടുതൽ യാത്രക്കാരിലേക്ക് എത്താനും കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Dubai Taxi Company has signed a Dh1.45 billion agreement to fully acquire National Taxi, strengthening its position in the UAE transport sector. The move is expected to expand market share in Dubai and Abu Dhabi significantly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."