നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം
ആധുനിക ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അസിഡിറ്റിയും ഗ്യാസ് ട്രബിളും. ആമാശയത്തില്‍ ആസിഡിന്റെ അളവ് അമിതമാവുകയോ ഇത് അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയോ ചെയ്യുമ്പോഴാണ് നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും അനുഭവപ്പെടുന്നത്.
നമ്മുടെ ദൈനംദിന ശീലങ്ങളില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഈ പ്രശ്‌നത്തില്‍ നിന്നും ഒരു പരിധി വരെ മോചനം നേടാം. അസിഡിറ്റി കൂട്ടുന്ന ആ പ്രധാന തെറ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക
തിരക്കുകള്‍ കാരണവും വണ്ണം കുറയ്ക്കാനുമായി പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ദീര്‍ഘനേരം വയര്‍ ഒഴിഞ്ഞു ിടക്കുന്നത് ആസിഡ് ഉത്പാദനം കൂട്ടുകയും വയറു വേദനയിലേക്കും അസിഡിറ്റിയിലേക്കും നയിക്കുകയും ചെയ്യും. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അതുപോലെ ഒന്നിച്ച് വലിയ അളവില്‍ ഭക്ഷണം കഴിക്കാതെ ചെറിയ ഇടവേളകളില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
അത്താഴം വൈകി കഴിക്കുന്ന ശീലം
രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും കഴിച്ച ഉടന്‍ തന്നെ ഉറങ്ങാന്‍ കിടക്കുന്നതും അസിഡിറ്റി ക്ഷണിച്ചുവരുത്തുന്നതാണ്. രാത്രിയാകുന്നതോടെ നമ്മുടെ ശരീരത്തിന്റെ ദഹനപ്രക്രിയ മന്ദഗതിയിലാകും. അതിനാല്‍ രാത്രി 7 മണിക്ക് മുന്‍പായി ലഘുവായ അത്താഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.
അമിതമായ ചായയും കാപ്പിയും
കഫീന്‍ അടങ്ങിയ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ അമിതമായി കുടിക്കുന്നത് വയറ്റിലെ ആസിഡ് നില തെറ്റിക്കും. പ്രത്യേകിച്ച് വൈകുന്നേരങ്ങളിലും വെറും വയറ്റിലും ഇവ കുടിക്കുന്നത് നെഞ്ചെരിച്ചിലിന് പ്രധാന കാരണമാകാറുണ്ട്.
കൊഴുപ്പും എരിവും കൂടിയ ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്, അമിതമായി എരിവും മസാലയും ചേര്‍ത്ത വിഭവങ്ങള്‍ എന്നിവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത് ആമാശയത്തില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.
വേഗത്തില്‍ ഭക്ഷണം വിഴുങ്ങുക
തിരക്കുകൂട്ടി കൊണ്ട് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാതെ വേഗത്തില്‍ വിഴുങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ദഹനക്കേടിനും ഗ്യാസിനും കാരണമാകും. കൂടാതെ ശരീരത്തില്‍ ജലാംശം കുറയുന്നതും അസിഡിറ്റിക്ക് വഴിവയ്ക്കും.
മാനസിക സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും
ഭക്ഷണം മാത്രമല്ല, അമിതമായ സ്‌ട്രെസ്, ഉത്കണ്ഠ, കൃത്യമല്ലാത്ത ഉറക്കം എന്നിവയും ദഹനവ്യവസ്ഥയുടെ താളം തെറ്റിക്കും. ഇത് അസിഡിറ്റി വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന മറ്റൊരു ഘടകമാണ്.
അസിഡിറ്റി തടയാന്‍ ചില എളുപ്പവഴികള്‍
ഭക്ഷണം എപ്പോഴും കൃത്യസമയത്ത് തന്നെ കഴിക്കുക.
അത്താഴം നേരത്തെയാക്കുക; കഴിച്ച ശേഷം 2-3 മണിക്കൂര്‍ കഴിഞ്ഞിട്ട് മാത്രം ഉറങ്ങാന്‍ കിടക്കുക.
ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക.
നാരുകള്‍ അടങ്ങിയ പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ചായ, കാപ്പി, എരിവുള്ള ഭക്ഷണങ്ങള്‍ എന്നിവ പരമാവധി കുറയ്ക്കുക.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തുക.
അസിഡിറ്റി വിട്ടുമാറാതെ തുടര്‍ച്ചയായി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ സ്വയംചികിത്സയ്ക്ക് നില്‍ക്കാതെ ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.
Acidity and heartburn are largely driven by poor lifestyle habits like skipping meals, late-night dinners, and excess caffeine, which can be managed effectively through timely eating and dietary discipline.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."