സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ആകുമെന്ന് റിപ്പോര്‍ട്ട്. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആകും. ഇരുവരും മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചീഫ് വിപ്പ് പദവി നല്‍കാനാണ് ധാരണ.
മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹം തിരുവഞ്ചൂര്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും പരിചയസമ്പന്നതയുള്ള, നിയമസഭാ ചട്ടങ്ങളെക്കുറിച്ച് ധാരണയുള്ളയാളെന്ന നിലയിലാണ് തിരുവഞ്ചൂരിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചത്.
വി.ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. വകുപ്പുകളില്‍ ഉച്ചയോടെ ധാരണയാകും. ഇന്ന് ഉച്ചയ്ക്കു മുമ്പുതന്നെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക കൈമാറും.
രമേശ് ചെന്നിത്തല മന്ത്രിസ്ഥാനത്തേക്ക് വരാന്‍ തയാറായതോടെയാണ് കോണ്‍ഗ്രസിന്റെ മറ്റു മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കിയതിനു പുറമേ സാമുദായിക സമവാക്യങ്ങളും കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നതിന് അടിസ്ഥാനമായി.
സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മന്‍ എന്നിവരാണ് കോണ്‍ഗ്രസില്‍നിന്നും നിലവില്‍ ഉറപ്പായ മന്ത്രിമാര്‍. ഇതില്‍ മുതിര്‍ന്ന നേതാക്കളായ സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സുപ്രധാന വകുപ്പുകള്‍തന്നെ ലഭിക്കും. സാമുദായിക സമവാക്യം പാലിച്ച് എന്‍. ശക്തന്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."