പ്രധാനമന്ത്രിയെ ഇകഴ്ത്തിയും ഗതാഗതമന്ത്രിയെ പുകഴ്ത്തിയും ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷ
ഷിംല: നരേന്ദ്രമോദിയെ വിമര്‍ശിച്ചും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ പുകഴ്ത്തിയും ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിങ്ങ്. ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് സഹായത്തിനായി മോദിയെ സമീപിച്ചപ്പോള്‍ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയോട് പറയാന്‍ മോദി ആവശ്യപ്പെട്ടെന്നും, എന്നാല്‍ നിതിന്‍ ഗഡ്ക്കരിയെ പ്രളയത്തെ സംബന്ധിച്ച് സഹായത്തിനായി സമീപിച്ചപ്പോള്‍ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ദേശീയ പാതയിലെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു നല്‍കിയെന്നുമാണ് പ്രതിഭ സിങ്ങ് അഭിപ്രായപ്പെട്ടത്.
കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ പരിപൂര്‍ണമായി തഴയുന്ന നിലപാടാണ് പ്രധാനമന്ത്രിയുടേതെന്നും പ്രതിഭ സിങ്ങ് കൂട്ടിച്ചേര്‍ത്തു.ഹിമാചല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെയായിരുന്നു മഴക്കാലത്ത് നേരിട്ടത്. കേന്ദ്രം ഒരു സാമ്പത്തിക സഹായവും നല്‍കിയില്ല. സംസ്ഥാന സര്‍ക്കാരാണ് ദുരിതബാധിതര്‍ക്കായി 4500 കോടി രൂപയുടെ പാക്കേജ് സ്വയം പ്രഖ്യാപിച്ചത് ഇത് തങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഉന്നയിക്കുമെന്നും പ്രതിഭ പറഞ്ഞു.
ദുരിതത്തിന്റെ വ്യാപ്തി മനസിലാക്കി പ്രധാനമന്ത്രി എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് വിശ്വസിച്ചെങ്കിലും അദേഹം സംസ്ഥാനത്തെ അവഗണിക്കുകയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."