ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍
തൊഴിലില്ലായ്മ, നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ യുവാക്കളെ അണിനിരത്തി സിജെപി നടത്തുന്ന ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഇന്ന് കേന്ദ്രസര്‍ക്കാരിനെ ചോദ്യമുനയില്‍ നിര്‍ത്തുകയാണ്. തുടക്കം മുതലേ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നവര്‍ ആവശ്യപ്പെടുന്ന കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ചാണ്. രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാന്‍ സിജെപി തയ്യാറല്ല. കഴിഞ്ഞ ദിവസം സമരക്കാരുടെ പ്രതിനിധികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുമായി കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി നദ്ദ എന്നിവര്‍ ചര്‍ച്ച നടത്തുന്നതിന് മുന്‍പേ രാജിതന്നെയാണ് അവരുടെ ആവശ്യമെന്ന് കേന്ദ്രത്തിന് അറിയാമായിരുന്നു. എന്നിട്ടും കേന്ദ്രം 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്?
യുവത്വത്തെ ഭയക്കേണ്ടിയിരിക്കുന്നു
ഇന്നലെ രണ്ട് മണിക്കൂറോളമാണ് മന്ത്രിമാര്‍ സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തങ്ങളുടെ മൂന്ന് ആവശ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നായിരുന്നു സമരക്കാര്‍ മന്ത്രിമാരെ അറിയിച്ചത്. പല ബദല്‍ സംവിധാനങ്ങളും കേന്ദ്രം മുന്നോട്ടുവച്ചെങ്കിലും നിലപാടില്‍ നിന്ന് ഒരടി പോലും മാറാന്‍ സിജെപി തയ്യാറായില്ല.
രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോ മുന്‍വിധികളോ ഇല്ലാതെ വിദ്യാര്‍ത്ഥികളും യുവാക്കളും സ്വമേധയാ സമരമുഖത്തേക്ക് വരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവരെ ഗൗരവമായി കണ്ടേ മതിയാവൂ.. യുവജനങ്ങള്‍ വ്യക്തമായ വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. തൊഴിലില്ലായ്മ, പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ തുടങ്ങിയ സാധാരണക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളെ ചോദ്യം ചെയ്യുന്ന രീതി ഭരണകൂടത്തിന് തന്നെ പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്. പിന്നാലെ സമരത്തിന്റെ തീവ്രതയും ജനകീയ പിന്തുണയും കാരണം കേന്ദ്ര സര്‍ക്കാരിന് സമരക്കാരുമായി ചര്‍ച്ചകള്‍ നടത്താനും ചില ആവശ്യങ്ങള്‍ അംഗീകരിക്കാനും നിര്‍ബന്ധിതരാകേണ്ടി വന്നു.
എന്തുകൊണ്ട് 24 മണിക്കൂര്‍ സമയം
മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമേറിയ ഒരു തീരുമാനമാണ്, പാര്‍ട്ടി നേതൃത്വത്തിലും മന്ത്രിസഭയിലും ചര്‍ച്ച നടത്തിയ ശേഷം മറുപടി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ സമയം തേടിയത് എങ്കിലും എന്ത് തീരുമാനം എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
സിജെപി പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രിമാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ അടക്കം കണ്ട് വിഷയം ചര്‍ച്ച ചെയ്തിരുന്നായി റിപ്പോര്‍ട്ടുകളുണ്ട്. സമരത്തിന് പെട്ടെന്ന് ഒരു പരിഹാരം കാണുക എന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ആവശ്യം.
എന്‍ടിഎയിലെ അഴിച്ചുപണി രാജി ഒഴിവാക്കാനുള്ള നീക്കമോ?
സമരത്തിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA)യില്‍ വ്യാപകമായ അഴിച്ചുപണി നടത്തി ജനരോഷം ശമിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ 47ഓളം ഉദ്യോഗസ്ഥരെ ഒഴിവാക്കിയതായും ഗുരുതര ക്രമക്കേടുകളില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ നടപടികളിലൂടെ മന്ത്രിയുടെ രാജി ഒഴിവാക്കി പ്രതിസന്ധി കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലുണ്ട്.
രാഷ്ട്രീയ കണക്കുകൂട്ടലും സുരക്ഷാ മുന്‍കരുതലും
അതേസമയം, ധര്‍മേന്ദ്ര പ്രധാന്റെ രാജി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പ്രതിഷേധത്തിന് മുന്നില്‍ വഴങ്ങുന്നത് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്നതായാണ് വിവരം. ഒരു മന്ത്രിയെ മാറ്റിയാല്‍ ഭാവിയില്‍ മറ്റ് വിവാദങ്ങളിലും സമാന ആവശ്യങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും കേന്ദ്രത്തിനുണ്ട്.
മറുവശത്ത്, രാജി നിഷേധിക്കുകയാണെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് 24 മണിക്കൂറിനുള്ളില്‍ എന്തും നേരിടാന്‍ തരത്തില്‍ രാജ്യത്ത് സുരക്ഷയൊരുക്കുന്നത്. ജന്തര്‍ മന്ദറില്‍ വീണ്ടും സുരക്ഷ ശക്തമാക്കി. കൂടുതല്‍ ബാരിക്കേഡുകള്‍ നിരത്തി.18 മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടച്ചിടും.
നിലപാട് കടുപ്പിക്കാന്‍ സിജെപിയും
ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞ യാതൊരു തീരുമാനവും അംഗീകരിക്കില്ലെന്ന നിലപാടില്‍ സിജെപി ഉറച്ചുനില്‍ക്കുകയാണ്. ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത പക്ഷം രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും സംഘടന ആരംഭിച്ചുകഴിഞ്ഞു.
ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിലേക്കാണ്. ആ തീരുമാനം പ്രക്ഷോഭത്തിന്റെ ഗതിയും കേന്ദ്രത്തിന്റെ രാഷ്ട്രീയ നിലപാടും ഒരുപോലെ നിര്‍ണയിക്കുന്നതാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."