ഗതാഗത പരിഷ്‌കരണം തുടരാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം
തൊടുപുഴ: ട്രാഫിക് അഡൈ്വസറി കമ്മിറ്റി നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണം തുടരാന്‍ നടപടി സ്വീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. പരിഷ്‌കരണത്തിനെതിരെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് കൗണ്‍സില്‍ ഒറ്റക്കെട്ടായി തീരുമാനം എടുത്തത്.
യോഗം തുടങ്ങിയപ്പോള്‍ യു.ഡി.എഫ് കൗണ്‍സിലര്‍ എ.എം.ഹാരിദാണ് വിഷയം ഉന്നയിച്ചത്. ട്രാഫിക് അഡൈ്വസറി യോഗത്തില്‍ പരിഷ്‌കരണത്തിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കെ.എസ്.ആര്‍.ടി.സി പ്രതിനിധി കൈക്കൊണ്ടത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ബൈപാസും മങ്ങാട്ടുകവല ബസ്റ്റാന്‍ഡും സജീവമാക്കുന്നതിനും പരിഷ്‌കാരം കൃത്യമായി നടപ്പിലാക്കണമെന്നും ഹാരിദ് ആവശ്യപ്പെട്ടു.
ബി.ജെ.പി കൗണ്‍സിലറായ ബാബു പരമേശ്വരനും എല്‍.ഡി.എഫ് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദനും ഹാരിദിന്റെ അഭിപ്രായത്തെ പിന്‍താങ്ങി. തീരുമാനം നടപ്പിലാക്കുന്നതിനായി എം.എല്‍.എ, മന്ത്രി, കോടതി എന്നിവിടങ്ങളില്‍ നിന്ന് സഹായം തേടണമെന്നും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടായി.എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കേണ്ടതുണ്ടെന്നും അഭിപ്രായമുണ്ടായി. ഇതിനായി കെ.എസ്.ആര്‍.ടി.സി പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് അടുത്തമാസം ട്രാഫിക് അഡൈ്വസറി യോഗം ചേരും.
ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പൊലിസുമായി ചേര്‍ന്ന് ഒരു സംയുക്ത രജിസ്റ്റര്‍ ഉണ്ടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
ഇതിനായി മുനിസിപ്പാലിറ്റി, പൊലിസ്, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സംയുക്തയോഗം ചേരും. ആദ്യഘട്ടത്തില്‍ ഹോട്ടലുകളിലും മറ്റും ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."