അലപ്പോയില്‍ യു.എന്‍ രക്ഷാസംഘത്തിന് നേരെ വ്യോമാക്രമണം: 20 മരണം
ജനീവ: സിറിയയിലെ അലെപ്പോയില്‍ യു.എന്നിന്റെ സഹായ വിതരണ വാഹനങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ 20 ലേറെ പേര് കൊല്ലപ്പെട്ടു. ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം നല്കാന് പുറപ്പെട്ട വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം. ഇതേ തുടര്‍ന്ന് സിറിയയിലെ സഹായ വിതരണം യു.എന്‍ നിര്‍ത്തിവച്ചു. ദുരിതാശ്വാസ സംഘത്തെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമായി കണക്കാക്കുമെന്നും യു.എന്‍ പറഞ്ഞു.
എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വാദവുമായി റഷ്യ രംഗത്തുവന്നു. സിറിയന്‍ അറബ് റെഡ്ക്രസന്റിന്റെ വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സിറിയയില്‍ റഷ്യയും യു.എസും പെരുന്നാള്‍ ദിനം മുതല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താന്‍ സിറിയന്‍ സൈന്യം അനുമതി നല്‍കിയിരുന്നില്ല. ഇതുമൂലം അന്താരാഷ്ട്ര സന്നദ്ധസംഘങ്ങള്‍ തുര്‍ക്കി അതിര്‍ത്തിയില്‍ കാത്തുകിടക്കുകയായിരുന്നു.
സിറിയയുടെയും റഷ്യയുടെയും വിമാനങ്ങള്‍ യു.എന്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യന്‍ സൈനിക വക്താവ് പറഞ്ഞു. രാത്രിയിലാണ് ആക്രമണം നടന്നത്. നിരവധി വാഹനങ്ങള്‍ കത്തിയെരിഞ്ഞു. 18 ലോറികള്‍ നശിച്ചതായാണ് കണക്ക്.
ആക്രമണത്തെ ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. ആക്രമണത്തെ യു.എസും അപലപിച്ചു. 31 ട്രക്കുകളാണ് തിങ്കളാഴ്ച രാത്രി യുദ്ധം കടുത്തനാശം വിതച്ച അലെപ്പോയിലേക്ക് തിരിച്ചതെന്ന് യു.എസ് പറഞ്ഞു. സിറിയയും റഷ്യയുമാണ് ആക്രമണം നടത്തിയതെന്നും യു.എസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."