കളിയാട്ടമുക്കിലെ സംഘര്‍ഷം; സര്‍വകക്ഷി യോഗത്തില്‍നിന്ന് സി.പി.എം വിട്ടുനിന്നു
തിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടമുക്കിലെ സി.പി.എം, ആര്‍.എസ്.എസ് സംഘര്‍ഷത്തെ തുടര്‍ന്നു സമാധാന കമ്മിറ്റി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍നിന്നു സി.പി.എം വിട്ടുനിന്നു. പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നു വിട്ടയച്ചെന്നാരോപിച്ചാണ് സി.പി.എം പ്രാദേശിക നേതൃത്വം വിട്ടുനിന്നത്.
ബി.ജെ.പി, മുസ്‌ലിംലീഗ്, കോണ്‍ഗ്രസ്, സി.പി.ഐ, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവയുടെ പ്രതിനിധികള്‍ ഇന്നലെ വൈകിട്ട് കളിയാട്ടമുക്ക് എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. നേരത്തെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ചൊവ്വാഴ്ച വൈകീട്ട് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സി.പി.എം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ രൂപീകരിച്ച സമാധാന കമ്മിറ്റിയാണ് ഇന്നലെ യോഗം ചേര്‍ന്നത്.
നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പ്രദേശത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇതടക്കമുള്ള കാര്യങ്ങളില്‍ പൊലിസ് നീക്കങ്ങള്‍ വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂവെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്. എന്നാല്‍, കേസ് ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നതെന്നും കുറ്റാരോപിതനായ യുവാവ് സംഘര്‍ഷം നടക്കുന്ന സമയം മറ്റൊരു സ്ഥലത്തു ജോലിയിലായിരുന്നെന്നു ബോധ്യപ്പെട്ടതിനാലാണ് വിട്ടയച്ചതെന്നും തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ കാരയില്‍ വ്യക്തമാക്കി.
അതേസമയം, സമാധാന ദൗത്യവുമായി മുന്നോട്ടുപോകാനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടിപ്പിച്ചു സൗഹൃദസന്ദേശറാലി നടത്താനും ഇതില്‍ സി.പി.എം പ്രവര്‍ത്തകരെകൂടി പങ്കെടുപ്പിക്കാനുമാണ് കമ്മിറ്റിയുടെ തീരുമാനം.
പഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ശരീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്.ഐ വിശ്വനാഥന്‍ കാരയില്‍, റിട്ട. എസ്.പി പത്തൂര്‍ അബ്ദുല്‍ഹമീദ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, പഞ്ചായത്തംഗങ്ങളായ എം.എ അസീസ്, സി.പി സുബൈദ, എം.വി ബല്‍ക്കീസ്, പി.പി മുനീറ, ബ്ലോക്കംഗം ഫാത്തിമ ലുലു, പി.പി മുനീര്‍ മാസ്റ്റര്‍, കെ. ദേവദാസ്, പി.പി അയൂബ്, എം. അബ്ദുട്ടി, കെ. നജീബ് മാസ്റ്റര്‍, കെ.പി അബ്ദുല്‍ഹമീദ് പങ്കെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി കൊല്ലംപുറായയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച വടംവലി മത്സരത്തിലുണ്ടായ വാക്കുതര്‍ക്കമാണ് ശനിയാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നത്. സംഭവത്തില്‍ എട്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും രണ്ട് ഇരുചക്രവാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."