മാങ്കാവില്‍ മാലിന്യക്കൂമ്പാരം; ദുരിതം പേറി നാട്ടുകാര്‍
പാലക്കാട്: നഗരത്തിലെ പ്രധാന ജനവാസ മേഖലയായ മാങ്കാവ് എടത്തെരുവില്‍ മാസങ്ങളായുള്ള മാലിന്യ പ്രശ്‌നത്തിന് പരിഹാരമാവുന്നില്ല. സ്റ്റേഡിയം സ്റ്റാന്‍ഡിനു സമീപം കല്‍മണ്ഡപം റോഡില്‍ പഴയ ഹൃദയ തിയേറ്ററിനു പിന്‍വശത്തുള്ള മാങ്കാവില്‍ ഒരു ഭാഗത്ത് മാലിന്യനിര്‍മാര്‍ജ്ജനവും മാലിന്യ സംസ്‌കരണവും നടത്തി ശുചിത്വവത്കരിച്ച് സ്വാശ്രയ ഗ്രാമമെന്ന പേരു കൈവരിക്കുമ്പോള്‍, ഇതേ തെരുവിന്റെ മീറ്ററുകള്‍ക്കപ്പുറമാണ് മാലിന്യക്കൂമ്പാരങ്ങള്‍ കൂടുന്നത്. വീടുകളില്‍നിന്നും മറ്റും കവറുകളില്‍ കെട്ടിക്കൊണ്ടിടുന്ന മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതിനാല്‍ ദിവസങ്ങളോളമായി ചീഞ്ഞുനാറുകയാണ്.
മാലിന്യം കുമിഞ്ഞുകൂടുന്നതിനാല്‍ തെരുവിനായ് ശല്യവും ഏറിയിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെയോ നഗരസഭ ശുചീകരണവിഭാഗത്തിന്റെയോ കൃത്യമായ സേവനമില്ലാത്തതാണ് പ്രദേശത്തെ മാലിന്യമയമാക്കുന്നത്. എന്നാല്‍ സമീപത്തെ കോളനിക്കാര്‍ സ്വയം സംഘടിച്ച് കോളനിയെ മാലിന്യക്കൂമ്പാരമാക്കാതെ കൃത്യമായ മാലിന്യനീക്കവും മറ്റും നടത്തി ശുചിത്വം ഉറപ്പിച്ച് മറ്റു ഗ്രാമങ്ങള്‍ക്കും മാതൃകയാവുകയാണ്.
കോയമ്പത്തൂര്‍ റോഡില്‍നിന്നും മാങ്കാവ്, കല്‍മണ്ഡപം ന്യു കോളനി എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിലാണമാലിന്യം. സ്‌റ്റേഡിയം സ്റ്റാന്‍ഡിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിലും മറ്റുമായി ജോലി ചെയ്യുന്ന നിരവധി പേര്‍ താമസിക്കുന്ന അപ്പാര്‍ട്ടമെന്റുകള്‍ക്ക് സമീപത്തെ മാലിന്യനിക്ഷേപം ഇവര്‍ക്ക് ഏറെ ദുരിതം വിതക്കുകയാണ്. എന്നാല്‍, കോളനിയില്‍ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നെഴുതിയ ബോര്‍ഡ് നഗരസഭാ സെക്രട്ടറിയുടെ അറിവോടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനു സമീപത്താണ് ഇപ്പോള്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നത്. മഴ പെയ്യുന്നതോടെ മാലിന്യം അഴുകി ചീഞ്ഞുനാറുന്നതിനാല്‍ ദുര്‍ഗന്ധവും പതിവായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."