നികുതി വെട്ടിച്ചുള്ള കള്ളക്കടത്തിന് പുതിയ റോഡു മാര്‍ഗങ്ങള്‍
ചിറ്റൂര്‍: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഊടുവഴികളിലൂടെ നികുതിവെട്ടിച്ച് ചരക്ക് കടത്തുന്നത് കുറഞ്ഞെങ്കിലും, പുതിയ വഴി കണ്ടുപിടിച്ച് കള്ളക്കടത്ത് പതിവായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പലചരക്ക് അടക്കമുള്ള സാധനങ്ങള്‍ ഗോപാലപുരം ചെക്‌പോസ്റ്റിന് ഒന്നര കി.മീ അകലെയുള്ള നെടുമ്പാറയിലെ രഹസ്യവഴികളിലൂടെയാണ് കച്ചവടക്കാര്‍ കടത്തുന്നത്.
ഈ റൂട്ടിലൂടെ വന്നാല്‍ ചെക്‌പോസ്റ്റുകള്‍ വെട്ടിച്ച് നല്ലേപ്പിള്ളി പഞ്ചായത്തിലെ അഞ്ചാം മൈലില്‍ എത്താന്‍ കഴിയും. അവിടെനിന്നും ചിറ്റൂര്‍, തത്തമംഗലം വഴി ദേശീയപാതയിലും എത്താം.
നികുതിവെട്ടിപ്പിന്റെ പരിശോധന കര്‍ശനമായതോടെയാണ് പുതിയ വഴി കണ്ടെത്തിയിട്ടുള്ളത്. ദിവസേന അമ്പതിലധികം വാഹനങ്ങള്‍ ഇതുവഴി കടന്നുവരുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കരിങ്കല്ല് റോഡ് ടാര്‍ ചെയ്തതോടെയാണ് കള്ളക്കടത്തു വാഹനങ്ങള്‍ ഈ വഴി തെരഞ്ഞെടുത്തത്.
കഴിഞ്ഞദിവസം വാഹന പരിശോധനക്കിടെ ചന്ദ്രനഗറില്‍ നിന്നും 75,000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വാളയാറില്‍ നിന്നും 10 കിലോ കഞ്ചാവുമായി മൂന്നുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപുറമെ സ്വകാര്യ വാഹനങ്ങളിലും കാറിലും ബൈക്കുകളിലുമായുള്ള ലഹരി കടത്തിനും പുതിയ മാര്‍ഗങ്ങള്‍ അവലംബിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."