സ്‌പൈസ് റൂട്ട് ടൂറിസം രണ്ടാംഘട്ടം: 31 രാജ്യങ്ങള്‍ ഡല്‍ഹിയില്‍ സമ്മേളിക്കും
കൊച്ചി: ചിര പുരാതനമായ സുഗന്ധ വ്യഞ്ജന പാതയിലൂടെ കേരളവുമായി നടത്തിവന്നിരുന്ന വ്യാപാരത്തെക്കുറിച്ചുള്ള വിജ്ഞാന വിനിമയത്തിനായി 31 രാഷ്ട്രങ്ങളുടെ സ്ഥാനപതിമാര്‍ ഡല്‍ഹിയില്‍ സമ്മേളിക്കും.
മുസിരിസ് പൈതൃക പദ്ധതിക്കുവേണ്ടിയാണ് യോഗം നടത്തുന്നതെന്ന് പദ്ധതിയുടെ ഉപജ്ഞാതാക്കളിലൊരാളായ ബെന്നി കുര്യാക്കോസ് കേരള ട്രാവല്‍ മാര്‍ട്ടില്‍ അറിയിച്ചു. ഈ വ്യപാരവഴിയെക്കുറിച്ചുള്ള ഭൂപടങ്ങള്‍, വിവരണങ്ങള്‍, പെയ്ന്റിംഗുകള്‍, കരകൗശല വസ്തുക്കള്‍ എന്നിവ യൂറോപ്പിലെയും ഏഷ്യയിലെയും രാഷ്ട്രങ്ങളിലുണ്ടെന്നും ഇവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുസിരിസ് പദ്ധതിക്കുവേണ്ടി കൈമാറേണ്ടതുണ്ടെന്നും കേരള ടൂറിസം സംഘടിപ്പിക്കുന്ന ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ സെമിനാറില്‍ അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ രൂപത്തിലുള്ള വിജ്ഞാന വിനിമയത്തിന് ഇതിനോടകം ലോകത്തിലെ മൂന്ന് പ്രമുഖ സര്‍വകലാശാലകളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ബെന്നി വ്യക്തമാക്കി.
ഒരു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ പൈതൃക സംരക്ഷണ പദ്ധതിയെന്ന നിലയില്‍ മുസിരിസ് പദ്ധതി ആരാധനാലയങ്ങള്‍, പുരാതന വ്യാപാരകേന്ദ്രങ്ങള്‍, ഇതര കെട്ടിടങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം, മ്യൂസിയ നിര്‍മാണം, സാമൂഹ്യജീവിതത്തിന്റെയും ഉപജീവനത്തിന്റെയും സുസ്ഥിരത എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രദേശത്ത് മാരിടൈം മ്യൂസിയം നിര്‍മിക്കും.
ഇന്നത്തെ കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ പെരിയാറിന്റെ തീരത്ത് നിലനിന്നിരുന്ന പുരാതന വാണിജ്യ തുറമുഖമാണ് മുസിരിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."