കാരുണ്യം കാത്ത് ജില്ലാശുപത്രിയിലെ മാതൃകാ കാത്ത്‌ലാബ്
പാലക്കാട്: സാധാരണക്കാരുടെ മെഡിക്കല്‍ കോളജായ പാലക്കാട് ജില്ലാശുപത്രിയില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ മാതൃകാ പദ്ധതിയിലുള്‍പ്പെട്ട കാത്ത് ലാബിന്റെ പ്രവര്‍ത്തനം കുടിശികയെ തുടര്‍ന്നു പ്രതിസന്ധിയിലായി.
കാരുണ്യ, ആര്‍.എസ്.ബി.വൈ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് കാത്ത് ലാബില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ലഭ്യമാക്കുന്നത്. 2014 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ഇതുവരെയായി 3400 ചികിത്സകള്‍ കാത്ത് ലാബ് വഴി ലഭ്യമാക്കി. കാരുണ്യ, ആര്‍.എസ്.ബി.വൈ ചികിത്സാ പദ്ധതി വഴിയുള്ള കുടിശിക 15 കോടി കവിഞ്ഞതോടെ ഭൂരിഭാഗം കമ്പനികളും ഉപകരണവിതരണം നിര്‍ത്തിവെച്ചു.
പേസ് മേക്കര്‍, ബലൂണ്‍, സ്‌പെഷ്യല്‍ വയറുകള്‍ ഉള്‍പ്പെടെ ഹൃദയസംബന്ധ ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍ ടെന്‍ഡര്‍ വഴിയാണ് കാത്ത് ലാബിലേക്ക് ലഭ്യമാക്കുന്നത്. വിഷയം ജില്ലാ പഞ്ചായത്ത് മുഖേന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കാരുണ്യ പദ്ധതി വഴി ഇതുവരെ മൂന്നരക്കോടിയും ആര്‍.എസ്.ബി.വൈയില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടിയുമാണ് ആകെ ലഭിച്ചിട്ടുള്ളത്. കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണ് കാരുണ്യ ചികിത്സ പദ്ധതി വഴി നല്‍കുന്നത്. ജില്ലാ കലക്ടര്‍, ഡി.എം.ഒ ജില്ലാ ലോട്ടറി ഓഫിസര്‍, വിദഗ്ധ ഡോക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാണ് രോഗികളെ തിരഞ്ഞെടുക്കുക. ഒരു രോഗിക്ക് പരമാവധി രണ്ടു ലക്ഷം രൂപവരെ ചികിത്സാ സഹായമായി ലഭിക്കും.
ലോട്ടറി വില്‍ക്കുന്നുണ്ടെങ്കിലും കാത്ത് ലാബിലേക്കുള്ള കുടിശിക ഉയരുകയാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച കാത്ത് ലാബ് മാതൃകയാക്കിയാണ് സംസ്ഥാനത്തെ എല്ലാ ജനറല്‍ ആശുപത്രികളിലും ഇത്തരം ലാബുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. കുടിശിക സംഖ്യ ലഭിക്കുന്നതിനനുസരിച്ച് ഉപകരണ വിതരണം പുനരാരംഭിക്കാമെന്നാണ് പല കമ്പനികളും അറിയിച്ചിട്ടുള്ളത്.
ടെന്‍ഡര്‍ പട്ടികയിലുള്ള മറ്റു ചില കമ്പനികളുടെ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോഴത്തെ ചികിത്സ. കുടിശിക ഉയരുന്നതോടെ ഇവരും വിതരണം നിര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."