യുദ്ധം കെടുതികള്‍ സൃഷ്ടിക്കുന്നത് കര്‍ഷക കുടുംബങ്ങളില്‍: അതുല്‍കുമാര്‍ അഞ്ജാന്‍
ആലപ്പുഴ: യുദ്ധങ്ങള്‍ കൂടുതല്‍ കെടുതികള്‍ സൃഷ്ടിക്കുന്നത് കര്‍ഷക കുടുംബങ്ങളിലാണെന്ന് കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍ പറഞ്ഞു. യുദ്ധങ്ങളില്‍ കൃഷിഭൂമിയും വീടുകളും റോഡുകളുമെല്ലാം തകരും. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് യുദ്ധത്തില്‍ പങ്കെടുക്കുന്നത്. കുത്തക ഭീമന്മാരുടെ മക്കളാരും തന്നെ രാജ്യത്തിനായി യുദ്ധം ചെയ്യാറില്ലയെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായാണ് പല യുദ്ധങ്ങളും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കിസാന്‍സഭ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ബജറ്റില്‍ അഞ്ച് ലക്ഷം കോടി രൂപയുടെ സബ്‌സിഡിയാണ് കേന്ദ്രസര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്കായി നല്‍കിയത്. എന്നാല്‍ രാജ്യത്തിന്റെ അന്നദാതാക്കളായ 67 ശതമാനത്തോളം വരുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്നും അതുല്‍കുമാര്‍ അഞ്ജാന്‍ പറഞ്ഞു. സമ്മേളന നഗരിയില്‍ സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.ജെ ആഞ്ചലോസ്, ബി.കെ.എം.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോയിക്കുട്ടി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."