യുവാവിനെതിരേ മൂന്നാംമുറ: എസ്.ഐ അടക്കം മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
മുവാറ്റുപുഴ: മോഷണകുറ്റം ആരോപിച്ച് നിരപരാധിയായ യുവാവിനെ മൂന്നാം മുറക്ക് വിധേയമാക്കിയ സംഭവത്തില്‍ എസ്.ഐ അടക്കം മൂന്ന് പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തയ്യല്‍ തൊഴിലാളിയായ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി പ്രദിഷിനെ (36)നെ മര്‍ദിച്ച സംഭവത്തിലാണ് മുവാറ്റുപുഴ പൊലിസ് സറ്റേഷനിലെ പ്രന്‍സിപ്പല്‍ എസ്.ഐ എ അനൂപ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ വി.എം അബ്ദുല്‍ റസാഖ് സംഭവം നടക്കുന്ന സമയത്ത് മുവാറ്റുപുഴ പൊലിസ് സറ്റേഷനില്‍ ഉണ്ടായിരുന്ന പുത്തന്‍കുരിശ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ കെ.ആര്‍ മനോജ് കുമാര്‍ എന്നിവരെയാണ് സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം എറണാകുളം റൂറല്‍ എസ്.പി ഉണ്ണിരാജ സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 25 ന് രാത്രി ആനിക്കാട് ഉള്ള ഒരു വീട്ടില്‍ നിന്നും 46,000 രൂപയും രണ്ട് പവന്‍ സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു. വാഴക്കുകുളത്ത് തയ്യല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രദീഷ് മോഷണം നടന്ന വീടിന് സമീപമാണ് കുടുംബസമേതം താമസിക്കുന്നത്. മോഷണം നടന്നതിനു രണ്ട് ദിവസം മുമ്പാണ് പ്രദീഷും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്.
26 ന് വൈകുന്നേരം മുവാറ്റുപുഴ ആനിക്കാടുള്ള ഒരു പറ്റം സി.പി.ഐ പ്രവര്‍ത്തകര്‍ സംശയത്തിന്റെ പേരില്‍ പ്രദിഷിനെ തന്ത്രപൂര്‍വം മുവാറ്റുപുഴ പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ കുടിവെള്ളം പോലും നല്‍കാതെ മൂന്ന് ദിവസത്തോളം പ്രദീഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. മര്‍ദനത്തില്‍ നട്ടെല്ലിനടക്കം ഗുരുതരമായ പരുക്കേറ്റ പ്രദിഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. സംഭവം വിവാദമായതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുംസ്വമേധയാ കേസെടുത്തിരുന്നു.
ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."