ബാഴ്‌സയെ സെല്‍റ്റ അട്ടിമറിച്ചു
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് ചെറു മീനുകളായ സെല്‍റ്റ ഡി വിഗോയാണ് ബാഴ്‌സയെ അട്ടിമറിച്ചത്. ആദ്യ പകുതിയില്‍ മൂന്നു ഗോളിന് പിന്നിലായിരുന്ന ബാഴ്‌സ രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ സ്‌കോര്‍ ചെയ്‌തെങ്കിലും സമനില ഗോള്‍ സ്വന്തമാക്കാനായില്ല.
സെല്‍റ്റയ്ക്കായി സിസ്റ്റോ, ലാഗോ അസ്പാസ്, പാബ്ലോ ഹെര്‍നാണ്ടസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബാഴ്‌സയ്ക്കായി ജെറാര്‍ഡ് പിക്വെ ഇരട്ട ഗോളുകളും നെയ്മര്‍ ഒരു ഗോളും നേടി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ ബാഴ്‌സയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് കണ്ടത്. 22ാം മിനുട്ടില്‍ സെല്‍റ്റ ആദ്യ ഗോള്‍ നേടി. ഇയാഗോ അസ്പാസിന്റെ പാസില്‍ നിന്ന് സിസ്റ്റോയാണ് ടീമിന്റെ അക്കൗണ്ട് തുറന്നത്. 10 മിനുട്ടിനുള്ളില്‍ സെല്‍റ്റ ലീഡുയര്‍ത്തി. ഹ്യൂഗോ മല്ലോയുടെ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പിക്വെ വരുത്തിയ പിഴവ് മുതലെടുത്ത് അസ്പാസാണ് സ്‌കോര്‍ ഉയര്‍ത്തിയത്. രണ്ടു മിനുട്ടിനകം ബാഴ്‌സ വീണ്ടും ഗോള്‍ വഴങ്ങി. ഇത്തവണ ജെറെമി മത്തേയുവിന്റെ സെല്‍ഫ് ഗോളാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായത്.
രണ്ടാം പകുതിയില്‍ ഗോളടിക്കാനുറച്ചാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. 58ാം മിനുട്ടില്‍ പിക്വെയിലൂടെ ബാഴ്‌സലോണ ഒരു ഗോള്‍ മടക്കി. റഫീന്യയുടെ ക്രോസില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് പിക്വെയുടെ ഗോള്‍. ആറു മിനുട്ടുകള്‍ക്ക് ശേഷം നെയ്മര്‍ ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടി. ആന്ദ്രേ ഗോമസിനെ സെല്‍റ്റ താരങ്ങള്‍ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു നെയ്മര്‍. എന്നാല്‍ 77ാം മിനുട്ടില്‍ ഹെര്‍ണാണ്ടസ് സെല്‍റ്റയുടെ നാലാം ഗോള്‍ നേടിയതോടെ ബാഴ്‌സ വീണ്ടും പ്രതിരോധത്തിലായി. 87ാം മിനുട്ടില്‍ ബാഴ്‌സ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും പിന്നീട് സ്‌കോര്‍ ഉയര്‍ത്താനായില്ല.
അതേസമയം തോല്‍വി ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയാണ്. ഏഴു മത്സരങ്ങളില്‍ ബാഴ്‌സയുടെ രണ്ടാം തോല്‍വിയാണിത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ടീമിപ്പോള്‍. അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തും റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."