ചരിത്രത്തെ തൊട്ടുണര്‍ത്തി മമ്പുറം തങ്ങളുടെ വീട്
മമ്പുറം: ഒളിമങ്ങാത്ത ചരിത്ര സ്മരണകളിലേക്ക് വെളിച്ചം വിതറുകയാണ് മമ്പുറം മാളിയേക്കല്‍ ഭവനം. മമ്പുറം മഖാമിനു സമീപമുള്ള ഒറ്റത്തൂണ്‍ പള്ളിയുടെ മുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ചരിത്ര സ്മാരകം എണ്ണമറ്റ തീര്‍ഥാടകരുടെയും ഗവേഷണചരിത്ര കുതുകികളുടെയും സന്ദര്‍ശന കേന്ദ്രം കൂടിയാണ്.
മമ്പുറം സയ്യിദ് അലവി തങ്ങളുടെ ആണ്ടുനേര്‍ച്ചക്കു തുടക്കം കുറിച്ചതോടെ തീര്‍ഥാടക പ്രവാഹം ഈ വീട്ടുപടിക്കലും എത്തിച്ചേരുന്നു. ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ ഓര്‍മപ്പെടുത്തുകയാണ് ഒന്നര നൂറ്റാണ്ടിലേറെപ്പഴക്കമുള്ള മാളിയേക്കല്‍ വീട്.
മമ്പുറം തങ്ങള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും മറ്റും ഇവിടെ സൂക്ഷിക്കുന്നുണ്ട്. പാദം പതിഞ്ഞ കല്ലും വീട്ടിലുണ്ട്. ഈ വീട്ടിലാണ് മരണം വരെ തങ്ങള്‍ താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജാതി ഭേദമന്യേ എത്തിയിരുന്നവര്‍ മാളിയേക്കലില്‍ നിന്നെത്തുന്ന തീര്‍പ്പിനുവേണ്ടി കാത്തിരുന്നു.
തങ്ങളുടെ കാര്യസ്ഥന്‍ കോന്തു നായരായിരുന്നു കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. മമ്പുറത്തിനടുത്ത് താമസിക്കുന്ന വില്‍ക്കുര്‍പ്പന്മാര്‍ എന്ന നടുത്തൊടി കുടുംബത്തിലെ കോമന്‍ കുറുപ്പായിരുന്നു ഇത് തേച്ചു മിനുക്കിയിരുന്നത്.
അദ്ദേഹത്തിന്റെ ജോലിയില്‍ സംതൃപ്തനായിരുന്ന തങ്ങള്‍ ഒരിക്കല്‍ ഒരു ഏലസ്സ് സമ്മാനിച്ചു. ഒരു നൂറ്റാണ്ടോളം ആ കുടുംബം ഈ ഏലസ്സ് പരമ്പരാഗതമായി കൈമാറിയിരുന്നുവെന്നും ചരിത്രം. തങ്ങളുടെ കാലത്ത് തന്നെ വീടിന്റെ ഓലമേഞ്ഞിരുന്ന ചാക്കീരി കുടുംബം മുറതെറ്റാതെ അത് തുടര്‍ന്നു.
മലബാറിലെ മുസ്്‌ലിം സംസ്‌കാരവും മത സൗഹാര്‍ദ മാതൃകകളും വിളിച്ചോതുന്ന ഈ വീട് പ്രൗഢിയോടെയും പ്രതാപത്തോടെയും ഇന്നും നിലകൊള്ളുന്നു. ചെറിയ തോതിലുള്ള നവീകരണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."