പൊയിനാച്ചിയിലും അതിഞ്ഞാലിലും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ കവര്‍ച്ച
പൊയിനാച്ചി/കാഞ്ഞങ്ങാട്: പൊയിനാച്ചി ടൗണില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലും കാഞ്ഞങ്ങാട് നഗര പരിസരത്തെ അതിഞ്ഞാലില്‍ സൂപ്പര്‍ മാര്‍ക്കറ്റിലും വന്‍ കവര്‍ച്ച. പൊയിനാച്ചിയിലെ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റിലാണു കവര്‍ച്ച നടന്നത്. ഉടമകളുടെ പരാതിയില്‍ കേസെടുത്ത വിദ്യാനഗര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിറകുവശത്തെ ഷട്ടറിന്റെ പൂട്ടു പൊളിച്ച നിലയിലാണ്. ഇതുവഴിയാണു കവര്‍ച്ചക്കാര്‍ അകത്തു കടന്നതെന്നാണു സൂചന. രണ്ടു ലക്ഷം രൂപയും നാണയങ്ങളും കടയിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നു. ഇതെല്ലാം കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെയാണു സമീപവാസികള്‍ കവര്‍ച്ച നടന്ന വിവരമറിഞ്ഞു പൊലിസിനെ അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണു കടതുറക്കാറുള്ളത്. സൂപ്പര്‍ മാര്ക്കറ്റിനകത്തുണ്ടായിരുന്ന ശീതളപാനീയ കുപ്പികള്‍ പുറത്തേക്കു വലിച്ചെറിഞ്ഞ നിലയിലാണ്. കുണിയ സ്വദേശിയായ കുഞ്ഞബ്ദുല്ലയുള്പ്പെടെ അഞ്ചുപേരാണ് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്നത്.
ഷട്ടറിന്റെ ഒരു ഭാഗത്തെ പൂട്ടു മാത്രമേ പൂട്ടിയിട്ടൂള്ളൂവെന്ന് കടയുടമകള്‍ പൊലിസിനോട് പറഞ്ഞു. ഈ പൂട്ടു തകര്‍ത്താണ് കവര്‍ച്ചാ സംഘം അകത്തു കടന്നത്. കവര്‍ച്ചാ സംഘത്തില്‍ ഒന്നിലധികം പേരുണ്ടായിരുന്നുവെന്നാണു പൊലിസിന്റെ നിഗമനം. കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത്, എസ്.ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി.
അതിഞ്ഞാലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു 25,000 രൂപയാണു കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. നാലു ഷട്ടറുകളുള്ള കടയുടെ ഒരു ഷട്ടര്‍ കുത്തിത്തുറന്നാണു കവര്‍ച്ചക്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ അകത്തേക്കു കടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണമാണു നഷ്ടപ്പെട്ടത്.
അതേസമയം, കവര്‍ച്ചയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്നു യുവാക്കള്‍ സൂപ്പര്‍മാര്‍ക്കറ്റിനകത്തു കവര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞതോടെ പ്രതികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
കഴിഞ്ഞ ദിവസം കുണ്ടംകുഴിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണു പൊയിനാച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റിലും കവര്‍ച്ച നടന്നത്. കുണ്ടംകുഴിയിലെ കവര്‍ച്ചക്കു തുമ്പുണ്ടാക്കാന്‍ അന്വേഷണ സംഘം കിണഞ്ഞു ശ്രമിക്കുന്നതിനിടെ നഗരത്തില്‍ നടന്ന കവര്‍ച്ച ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."