മാലിന്യസംസ്‌കരണത്തിന് വേറിട്ട പദ്ധതികളുമായി പൊന്നാനി നഗരസഭ
പൊന്നാനി: മാലിന്യനിര്‍മാര്‍ജനത്തിന് പുതിയ പദ്ധതിയുമായി പൊന്നാനി നഗരസഭ. സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടം തുടങ്ങി ബഹുജന സഹകരണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമായ ബോധവത്കരണ പ്രവര്‍ത്തികള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഇതിനായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിലെ നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവയുടെ നേതൃത്യത്തില്‍ ' സ്റ്റുഡന്റ് എക്കോ പൊലിസിന് ' രൂപം നല്‍കിയിട്ടുണ്ട്. ഇ വെയിസ്റ്റ് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഓരോ വാര്‍ഡിലും പ്രത്യേകം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് വേണ്ട ശാസ്ത്രിയാവബോധം സൃഷ്ടിക്കും. കൂടാതെ ബയോഗ്യാസ് പ്ലാന്റ്, കുഴി കമ്പോസ്റ്റ് , തുമ്പൂര്‍ കുഴി മോഡല്‍ എന്നിവ നിര്‍മിച്ചു നല്‍കും. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനും നിയന്ത്രിക്കുന്ന തിനും വേണ്ട നടപടികള്‍ കൈക്കൊള്ളും. നഗരസഭാ പരിധിയില്‍ അന്‍പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകളുടെ വിതരണവും വില്‍പനയും നിരോധിക്കും.
തുണിസഞ്ചികള്‍ ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നല്‍കും. ഇതിനെല്ലാമായി ഒന്നര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അന്‍പത്തിയൊന്ന് വാര്‍ഡുകളിലും കൗണ്‍സിലര്‍ മാരുടെ നേതൃത്വത്തില്‍ പൊതുനിരത്തുകളില്‍ നിന്നുമുള്‍പെടെ പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് തുടങ്ങിക്കഴിഞ്ഞു.
ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നു മുതല്‍ ഉച്ചവരെ നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളിലും ആയിരത്തോളം വരുന്ന എന്‍.എസ്.എസ്, എസ്.പി.സി വളണ്ടിയര്‍മാര്‍ നഗരസഭ തയാറാക്കിയ പ്രത്യേക കൈപ്പുസ്തകം വിതരണം ചെയ്യുന്നതോടൊപ്പം ഇ.വെയിസ്റ്റ് മാനേജ്‌മെന്റിനെ കുറിച്ചും അമിതമായ പ്‌ളാസ്റ്റിക് ഉപയോഗം മൂലമുള്ള ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചും ശാസ്ത്രീയ ജൈവമാലിന്യ രീതികളെ കുറിച്ചും ബോധവത്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."