നഗരസഭയുടെ പരിശോധന പ്രഹസനം: തിയറ്ററുകളില്‍ വീണ്ടും നികുതിവെട്ടിപ്പ്
നിലമ്പൂര്‍: തിയറ്ററുകളിലെ വിനോദ നികുതി ക്രമക്കേട് കണ്ടെത്തിയതിനു വിജിലന്‍സ് നടപടി പൂര്‍ത്തിയാവാനിരക്കെ വീണ്ടും നികുതി വെട്ടിപ്പ്. ഈയാഴ്ച റെക്കാര്‍ഡ് കലക്ഷനുമായി മന്നോട്ടുപോകുന്ന പുലിമുരുഗന്‍ ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിലും നിലമ്പൂരില്‍ വന്‍തട്ടിപ്പാണ് അരങ്ങേറിയത്. നാലുഷോകള്‍ കാണിക്കാന്‍ മാത്രം അനുവാദമുള്ളിടത്ത് അഞ്ചും ആറും ഏഴും ഷോകള്‍ വരെ നടത്തിയാണ് തട്ടിപ്പ്. നഗരസഭാ ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കിയാണ് അനുവാദമല്ലാതെ രാവിലെയും രാത്രിയും കൂടുതലായി മൂന്നു ഷോകള്‍ വരെ അനധികൃതമായി നടത്തിയത്. നഗരസഭയുടെ മൂക്കിനുതാഴെ കണക്കില്‍ കൂടുതല്‍ ഷോകള്‍ നടത്തി മുഴുവന്‍ നികുതിയും വെട്ടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറങ്ങേറിയത്.
കഴിഞ്ഞ ആഗസ്റ്റ് ആറിന് രജനീകാന്തിന്റെ കബാലി സിനിമാ പ്രദര്‍ശനവേളയില്‍ നഗരസഭയില്‍ വിജലന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ക്രമക്കേട് കണ്ടെത്തിയിരുന്നു. ഏഴു ദിവസത്തെ പരിശോധനയില്‍ മാത്രം ഫെയറിലാന്റ് തീയറ്ററില്‍ നിന്ന് 59,110 രൂപയുടെയും ജ്യോതി തീയറ്ററില്‍ നിന്ന് 43397,71 രൂപയുടെയും വിനോദനികുതിയുടെയും വന്‍കുറവാണ് അന്നു കണ്ടെത്തിയത്. തുടര്‍ന്ന് നഗരസഭയിലെ ക്ലാര്‍ക്കുമാരുള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണവിധേയരായ സി. പ്രജിത്ത്, കെ. സുരേഷ് ബാബു, പ്രതീഷ് പ്രഭാകരന്‍, കൃഷ്ണകുമാര്‍, ഫൈസല്‍ ചെറതൂര്‍, സി.എസ് ശ്യാംലാല്‍, ഷാജു, പ്രമോദ് എന്നിവരെ ഒഴിവാക്കി പരിശോധനക്കായി പുതിയ സ്‌ക്വാഡുകളെ ഏര്‍പ്പെടുത്തിയതല്ലാതെ നഗരസഭ അധികൃതര്‍ വിനോദനികുതി പിരിവ് ഊജിതമാക്കാന്‍ കാര്യക്ഷമമായ നടപടി ഒന്നും കൈകൊണ്ടിട്ടില്ല. തദ്ദേശസ്വയം ഭരണ വകുപ്പ് 2016 നവംബര്‍ 31 നുള്ളില്‍ ഇ ടിക്കറ്റിംഗ് ഏര്‍പ്പെടുത്താന്‍ ആവശ്യ പ്പെട്ടിട്ടുണ്ടെങ്കിലും നിലമ്പൂര്‍ നഗരസഭ ഇതിനാവശ്യമായ നടപടികള്‍ എടുത്തിട്ടില്ല. എന്നാല്‍ 7-09-2016ന് കൂടിയ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന നാല് തിയറ്ററുകളുടെയും വിനോദനികുതി ചെറിയ ഒരു സംഖ്യയ്ക്ക് കോമ്പൗണ്ട് ചെയ്യുന്നതിന് അപേക്ഷ നല്‍കി. ഫെയറിലാന്റ് ഒന്നും ഫെയറിലാന്റ് രണ്ടും കൂടി പ്രതിമാസം രണ്ടു ലക്ഷം രൂപയും ജ്യോതി തിയറ്ററും രാജേശ്വരി തിയറ്ററും 55,000 രൂപയും വീതമാണ് കോമ്പൗണ്ടിംഗ് ഫീസായി നിശ്ചയിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ 1962-ലെ കേരള വിനോദനികുതി ചട്ടം 5(1) പ്രകാരം വിനോദനികുതി നികുതി ഒരു മാസം എല്ലാ ഷോയും ഫുള്‍ ആയി ഓടിയാല്‍ നഗരസഭയക്കു കിട്ടാവുന്ന സംഭവ്യസംഖ്യയുടെ 75 ശതമാനമാണ് കോമ്പൗണ്ട് ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ ഫെയറിലാന്റില്‍ നിന്ന് 10,54,575 രൂപയും രാജേശ്വരിയില്‍ നിന്ന് 7,84,080 രൂപയും ജ്യോതിയില്‍ നിന്ന് 6,92,460 രൂപയുമായിരിക്കെയാണ് വന്‍വെട്ടിപ്പിന് ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി അംഗീകാരം നല്‍കി കൗണ്‍സിലില്‍ വച്ചത്. അജണ്ടയില്‍ സംഭവ്യസംഖ്യ കണക്കാക്കിയത് ആകെ സീറ്റിംഗ് കപ്പാസിറ്റിയും പ്രദര്‍ശനങ്ങളുടെ എണ്ണവും വിനോദനികുതിയും മുപ്പതുകൊണ്ട് ഗുണിച്ചാണ്. എന്നാല്‍ നഗരസഭയിലെ എല്ലാ തീയറ്ററുകളിലും ഇപ്പോള്‍ നാലില്‍ കൂടുതല്‍ ഷോകളുണ്ടായിരിക്കെ സെക്രട്ടറിയുടെ ചുമതലയുള്ള പൊതുമരാമത്ത് വിഭാഗം എഞ്ചിനീയര്‍ നികുതി കണക്കാക്കിയത് മൂന്ന് ഷോകളുടെതാണെന്നു നേരത്തെ വിവാദമുയമര്‍ന്നിരുന്നു. കോമ്പൗണ്ടിങ്ങ് സംബന്ധിച്ച തീരുമാനം നഗരസഭ അടുത്ത യോഗത്തില്‍ കൈകൊള്ളാനിരിക്കെയാണ് പുതിയ തട്ടിപ്പ് നടന്നിട്ടുള്ളത്. 15 കോടിയിലധികം ബാധ്യതയുള്ള നഗരസഭയില്‍ കഴിഞ്ഞ വര്‍ഷം ആകെ വിനോദനികുതിയായി ലഭിച്ചത് 34 ലക്ഷം രൂപയാണ്. അതേസമയം രണ്ടര കോടിക്കും മൂന്നു കോടിക്കുമിടയില്‍ നികുതിപിരിക്കാമെന്ന് നഗരസഭയിലെ ധനകാര്യ വിദഗ്ദരായ മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് 1988 പ്രകാരവും 120(ബി) ഐ.പി.സി പ്രകാരവും ഗൗരവകരമായ കുറ്റങ്ങള്‍ ഫെയറിലാന്റ് തിയറ്റര്‍ ഉടമ തങ്കരാജിനെതിരെയും ജ്യോതി തിയറ്റര്‍ മാനേജര്‍ ഗിരീശനെതിരെയും ചുമത്തിയിട്ടും നഗരസഭ ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തത് ദുരൂഹതക്കിടയാക്കുകയാണ്. ഭരണസമിതിയിലെ ഉന്നതരുടെ ഒത്താശയോടെയാണ് തിയറ്ററുകള്‍ തോന്നിയ പോലെ സിനിമ പ്രദര്‍ശിപ്പിച്ചതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."