മഞ്ചേരിയില്‍ പുതിയ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍
മഞ്ചേരി: മഞ്ചേരിയില്‍ പുതിയ കോടതി കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അടുത്തമാസം ആദ്യത്തില്‍ ആരംഭിക്കും. 16കോടി വകയിരുത്തിയാണ് എല്‍ ഷേപ്പിലുള്ള പുതിയ കെട്ടിടം ഉയരുന്നത്. ഇതിന്റെ ഭാഗമായി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതികള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനു മുകളിലേക്കു മാറ്റിയിരുന്നു. പുതിയ കെട്ടിട നിര്‍മാണം 24 മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ നീക്കം.
ജില്ലാ കോടതി ഉള്‍പ്പെടെ ജില്ലയിലെ 11 കോടതികളാണ് മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകളും ട്രിബ്യൂണലുകളും വിവിധ സ്ഥലങ്ങളിലായും സ്ഥിതി ചെയ്യുന്നുണ്ട്. മഞ്ചേരി കോടതി കെട്ടിട സമുച്ചയത്തിലെ മൂന്നാം അതിവേഗ കോടതി, ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, തൊണ്ടി മുതലുകളുടെ സ്റ്റോര്‍, കാര്‍ പാര്‍ക്കിങ് ഷെഡ് എന്നീ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാണ് എല്‍ ഷേപ്പിലുള്ള പുതിയ കെട്ടിടം നിര്‍മിക്കുക. കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെ തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്നതിനായി ഗ്രൗണ്ട് ഫ്ളോറില്‍ സൗകര്യമൊരുക്കാനും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ എന്നിവ ഒന്നാം നിലയിലും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കാവുന്ന തരത്തിലും സൗകര്യമൊരുക്കും. ഇപ്പോള്‍ കോഴിക്കോട് റോഡിലെ വൈദ്യുതി ഭവനിലെ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിച്ചു വരുന്ന എസ്.സി, എസ്.ടി സ്പെഷല്‍ കോടതിയും പുതുതായി സ്ഥാപിക്കാനുദ്ദേശിക്കുന്ന അഡീഷണല്‍ ജെ. എഫ്.സി.എം കോടതിയും മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കും. നാല്, അഞ്ച് നിലകളില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതികളും ആറാം നിലയില്‍ ലൈബ്രറി, ബാര്‍ അസോസിയേഷന് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, വക്കീല്‍ ഗുമസ്തമന്‍മാരുടെ ഹാള്‍ എന്നിവയും സജ്ജീകരിക്കും. പുതിയ കെട്ടിടം ഉയരുന്നതോടെ കോടതിയിലേക്കുള്ള പ്രധാനകവാടം മഞ്ചേരി മലപ്പുറം റോഡില്‍ നിന്നാവും. നിലവില്‍ പൊലിസ് സ്റ്റേഷന് റോഡില്‍ നിന്ന് സി.ജെ.എം കോടതിയിലേക്കുള്ളതാണ് പ്രധാന കവാടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."