ഹാജിമാരുടെ അവസാന സംഘം ഇന്ന് മടങ്ങിയെത്തും നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് സമാപനം
നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്ര തിരിച്ച ഹാജിമാരുടെ അവസാന സംഘം ഇന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തും. ഇതോടെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ രണ്ടാം ഘട്ടം സമാപിക്കും.
ഇന്ന് രാവിലെ 11 മണിക്കാണ് ഹാജിമാരുടെ അവസാന സംഘം എത്തുന്നത്.എസ്.വി 5528 നമ്പര്‍ സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ 385 ഹാജിമാരാണ് ഉണ്ടാകുക. ഇതില്‍ 289 പേര് ലക്ഷദ്വീപില്‍ നിന്നും 28 പേര് മാഹിയില്‍ നിന്നുമുള്ള തീര്‍ഥാടകരാണ്. അവസാന വിമാനത്തില്‍ കേരളത്തില്‍ നിന്നുള്ള 68 പേരാണ് ഉണ്ടാകുക.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10268 പേരാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ യാത്രയായിരുന്നത്. ഇവരില്‍ 17 പേര് മക്കയില്‍ വച്ച് മരണമടഞ്ഞിരുന്നു.
ബാക്കിയുള്ള 10183 പേര് കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തിയിരുന്നു. ഇന്നലെ രാവിലെ 11 മണിക്കും വൈകിട്ട് 3.45 നും എത്തിയ രണ്ട് സഊദി എയര്‍ വിമാനങ്ങളിലായി 900 ഹാജിമാര്‍ നെടുമ്പാശ്ശേരിയിലെത്തിയിരുന്നു.
രണ്ട് വയസില്‍ താഴെ പ്രായമുള്ള 9 കുട്ടികളും ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ഹജ്ജ് കര്‍മത്തില്‍ സംബന്ധിച്ചിരുന്നു. സെപ്റ്റംബര്‍ 29 മുതലാണ് സംസ്ഥാനത്ത് നിന്നും യാത്രയായിരുന്ന ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിയ ഹാജിമാര്‍ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മദീനയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മദീന വിമാനത്താവളത്തില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങിയത്.
ഹജ്ജ് ക്യാംപിന്റെ ആദ്യഘട്ടത്തില്‍ ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് മടങ്ങിവരുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നത്. പ്രത്യേക ഹജ്ജ് ടെര്‍മിനല്‍ ആയിട്ടായിരുന്നു രണ്ടാം ഘട്ടത്തില്‍ ഹാങ്കറിന്റെ പ്രവര്‍ത്തനം.
മടങ്ങി വരുന്ന ഹാജിമാര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സംസം വെള്ളം നേരത്തേ തന്നെ നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു. അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളമാണ് ഓരോ ഹാജിമാര്‍ക്കും വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."