ഓര്‍മയായത് വയനാട്ടിലെ ആദ്യ ഡോക്ടര്‍
സുല്‍ത്താന്‍ ബത്തേരി: പച്ചമരുന്നും നാട്ടുവൈദ്യവും മാത്രം മലക്ക് മുകളിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്ന കാലത്താണ് ഡോ. കെ അബ്ദുല്ല മലപ്പുറത്ത് നിന്നും വയനാട്ടില്‍ എത്തുന്നത്. അസുഖം വന്നാല്‍ ജില്ലയിലെ ജനങ്ങള്‍ക്ക് അക്കാലത്ത് മുറിവൈദ്യന്‍മാരുടെയും ചാത്തന്‍ സേവക്കാരുടെയും ആശ്രയം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് ചെറുപ്പക്കാരനായ അബ്ദുല്ല വയനാട്ടിലെ ആളുകളെ ചികിത്സിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്ത് ചുരം കയറി എത്തുന്നത്.
ഇവിടെ നിന്നും നിരവധി രോഗികള്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് വയനാട്ടില്‍ ഡോക്ടറില്ലെന്ന കാര്യം ഡോ. കെ അബ്ദുള്ള മനസിലാക്കുന്നത്. തുടര്‍ന്ന് 1965ല്‍ കോട്ടപ്പറമ്പ് ഗവ. ആശുപത്രിയില്‍ നിന്നും വയനാട്ടിലേക്ക് സ്ഥലമാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു.
ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായാണ് അബ്ദുള്ളയുടെ ഡോക്ടര്‍ സേവനം ജില്ലയില്‍ ആരംഭിക്കുന്നത്. പിന്നീട് നാട്ടുകാരുടെ സ്വന്തം ഡോക്ടറായി മാറി ഇദ്ദേഹം. ബത്തേരി താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ച് വരവേ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വന്നു. എന്നാല്‍ പാവപെട്ട ജനങ്ങളെ ചികിത്സിക്കാന്‍ ഡോക്ടറില്ലാത്തതിനാലും ചുരമിറങ്ങാന്‍ താല്‍പര്യമില്ലാത്തതിനാലും ഗവ. ഡോക്ടര്‍ എന്ന ജോലിയില്‍ നിന്നും രാജിവെച്ചു.
പിന്നീട് ബത്തേരിയില്‍ തന്നെ സ്വന്തമായി ആശുപത്രി തുടങ്ങി. പിതാവിന്റെ കുഞ്ഞാന്‍ എന്ന പേരിലാണ് ഈ ആശുപത്രി രണ്ട് പതിറ്റാണ്ട് പ്രവര്‍ത്തിച്ചത്.
ഈ ആശുപത്രിയായിരുന്നു ജില്ലയിലെ ഭൂരിഭാഗം ആളുകളുടേയും ആശ്രയം. പിന്നീട് അബ്ദുല്ലാസ് ക്ലിനിക് എന്ന് പേര്മാറ്റി. ഡോക്ടറുടെ ചികിത്സയെത്തുടര്‍ന്ന് അസുഖം ഭേദമായവരില്‍ പലരും ഇദ്ദേഹത്തിന്റെ നിത്യസന്ദര്‍ശകരുമായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആദ്യകാലത്ത് പ്രവര്‍ത്തനം ആരംഭിച്ചത് ബീച്ച് ആശുപത്രിയിലായിരുന്നു. ഇവിടെ വെച്ചാണ് ഇദ്ദേഹം രോഗികള്‍ക്കിടയിലേക്കിറങ്ങിയത്. മെഡിക്കല്‍ കോളജിലെ ആദ്യം ചേര്‍ക്കപ്പെട്ട പേരും ഇദ്ദേഹത്തിന്റേതാണ്.
ഇതിനുപുറമെ ഹോസ്പിറ്റലിലെ ഒന്നാം നമ്പര്‍ മുറിയും ഇദ്ദേഹത്തിനു ലഭിച്ചു. വയനാട് ജില്ലയിലെ ആദ്യത്തെ ഐ.എം.എ പ്രസിഡന്റ്, കോഴിക്കോട് മെഡിക്കല്‍ കോളജ് അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആതുര സേവനത്തിന്റെ വയനാടന്‍ ഗാഥ എന്ന പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
രണ്ട് മാസം മുന്‍പ് വരെ അദ്ദേഹം ക്ലിനിക്കില്‍ രോഗികളെ പരിചരിക്കുന്നതിന്നായി എത്തിയിരുന്നു. ക്ലിനിക്കിനു മുന്നിലെ നടപ്പാതയില്‍ വീണതോടെ ആരോഗ്യ സ്ഥിതി മോശമായി. എങ്കിലും തുടര്‍ന്നും ഒരു മാസത്തോളം പതിവായി ക്ലിനിക്കില്‍ എത്തി രോഗികളെ ചികിത്സിച്ചിരുന്നു. പിന്നീട് ഒരു മാസം മുന്‍പാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. സൗകര്യങ്ങള്‍ ഏറെ ഉണ്ടായിട്ടും ഇക്കാലത്ത് വയനാട്ടിലെ ആശുപത്രികളില്‍ സേവനം ചെയ്യാന്‍ മറ്റ് ജില്ലകളിലെ ഡോക്ടര്‍മാര്‍ക്ക് ഇന്നും മടിയാണ്.
വഴി സൗകര്യം പോലുമില്ലാതിരുന്ന ഒരു കാലത്ത് നിത്യചെലവിനുപോലും ബുദ്ധിമുട്ടിയിരുന്ന ഒരു പറ്റം ആളുകള്‍ക്കിടയിലേക്കും കാലകാലങ്ങളായി വിശ്വാസത്തെ മാത്രം പ്രമാണമാക്കി ജീവിച്ചുപോന്നിരുന്ന ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലേക്കുമാണ് ആധുനിക വൈദ്യശാസ്ത്രവുമായി ഡോ. കെ അബ്ദുല്ലയെത്തിയത്. അതുകൊണ്ട് തന്നെ ജില്ലയുടെ ആതുര ശുശ്രൂഷരംഗത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."