കൊച്ചി തുറമുഖ സമരം താല്‍ക്കാലികമായി നിര്‍ത്തുന്നു
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന്റെ വികസനം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടര വര്‍ഷമായി നടന്ന് വരുന്ന പ്രക്ഷോഭം താല്‍ക്കാലികമായി നിര്‍ത്തുന്നു.വികസനത്തിന്റെ പേരില്‍ തകരുന്ന കൊച്ചി തുറമുഖത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഒട്ടേറെ പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.പ്രക്ഷോഭം ആയിരം ദിവസത്തിലേക്ക് അടുക്കുന്ന വേളയിലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തുന്നത്. പ്രക്ഷോഭത്തിന്റെ ഫലമായി തുറമുഖ മാനേജ്മെന്റ് പല തിരുത്തല്‍ നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് സമര സമിതി പത്രകുറിപ്പില്‍ അറിയിച്ചു.
ദുബായ് പോര്‍ട്ട് വേള്‍ഡിന് പുതിയ കമ്പനി രൂപീകരിക്കാനുള്ള അനുമതി നല്‍കുന്നതിനെ ചോദ്യം ചെയ്ത് കൊണ്ട് ട്രേഡ് യൂണിയനുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച് നോട്ടീസിന് ഉത്തരവായിട്ടുണ്ട്. പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റി ഐ.സി.ടി.ടി സംബന്ധിച്ച കരാറിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ നടപടി സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.
കോസ്റ്റല്‍ കണ്ടയ്നര്‍ കൈകാര്യം ചെയ്യാനുള്ള അവകാശം വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് തുറമുഖ മാനേജ്മെന്റ് ദുബായ് പോര്‍ട്ട് വേള്‍ഡിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കാലാഹരണപ്പെട്ട വായ്പകള്‍ എഴുതി തള്ളണമെന്നുള്ള ട്രേഡ് യൂണിയനുകളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി അംഗീകരിക്കുകയും വായ്പയുടെ പിഴ പലിശ എഴുതി തള്ളി ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തുറമുഖ ആസ്ഥാനത്തിന് മുമ്പില്‍ നടന്ന് വരുന്ന സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് ചേരുന്ന തൊഴിലാളി സംഗമത്തില്‍ സമരം നിര്‍ത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."