ലോധ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരായ ഹരജി തള്ളി ബി.സി.സി.ഐക്ക് വീണ്ടും പ്രഹരം
ന്യൂഡല്‍ഹി: ജസ്റ്റിസ് ആര്‍.എം ലോധ സമിതിയുടെ ശുപാര്‍ശകള്‍ ചോദ്യം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രിം കോടതി തള്ളി. ഹരജി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണു നടപടി.
അതേസമയം, ലോധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ വിധി പറയുന്നത് നീട്ടിവച്ച സുപ്രിം കോടതി, പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നതില്‍ നിന്നു ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ മാറിനില്‍ക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം അംഗീകരിച്ചില്ല. ലോധാ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നതിനു സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ കൂടുതല്‍ സമയം വേണമെന്നു ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ അന്തിമ ഉത്തരവു പുറപ്പെടുവിക്കുന്നത് സുപ്രിം കോടതി നീട്ടിവച്ചത്. ലോധ സമിതിയുടെ ശുപാര്‍ശകളില്‍ ചില സംശയങ്ങളുണ്ടെന്നും നടപ്പാക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ഐ.പി.എല്‍ കോഴ വിവാദങ്ങളെ തുടര്‍ന്ന് സുപ്രിംകോടതിയാണ് ബി.സി.സി.ഐ ഉടച്ചുവാര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ജസ്റ്റിസ് ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച സുപ്രിം കോടതി ഇതു നടപ്പില്‍ വരുത്താന്‍ കഴിഞ്ഞ ജൂലൈ 18നു ബി.സി.സി.ഐക്ക് നിര്‍ദേശം നല്‍കി. ഇതിനെതിരേ ബി.സി.സി.ഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയാണ് ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തള്ളിയത്. ബി.സി.സി.ഐയുടെ ഭരണ സമിതിയില്‍ നവീകരണം കൊണ്ടുവരണമെന്ന സുപ്രിം കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജസ്റ്റിസ് ലോധയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നാലില്‍ മൂന്നു സംസ്ഥാന അസോസിയേഷനുകളും എതിര്‍പ്പറിയിച്ചെന്നും ബി.സി.സി.ഐ പുനഃപരിശോധനാ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആറു മാസത്തെ കാലാവധിയും ജൂലൈ 18നു കോടതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് ബി.സി.സി.ഐ ഭരണ സമിതി പിരിച്ചുവിടണമെന്ന് ലോധ സമിതി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കോടതി നിര്‍ദേശം പാലിക്കാത്ത ബി.സി.സി.ഐ ഭരണ സമിതിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഭരണ സമിതിക്ക് പകരം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെടുകയുണ്ടായി.
ലോധ കമ്മിറ്റിയുടെ കേസ് പരിഗണിച്ചപ്പോഴെല്ലാം രൂക്ഷമായ വിമര്‍ശനങ്ങളാണ് സുപ്രിം കോടതി ബി.സി.സി.ഐക്കെതിരേ ഉന്നയിച്ചത്. ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നു വാദിച്ചു കോടതി നിര്‍ദേശങ്ങളെ വെല്ലുവിളിച്ച ബി.സി.സി.ഐക്കു കനത്ത തിരിച്ചടിയാണ് സുപ്രിം കോടതിയുടെ നടപടി. പുനഃപരിശോധനാ ഹരജി തള്ളിയതോടെ ലോധ കമ്മിറ്റിയുടെ എല്ലാ ശുപാര്‍ശകളും നടപ്പാക്കാന്‍ ബി.സി.സി.ഐ നിര്‍ബന്ധിതരായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."