ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു : ആംബുലന്‍സുകളും ഗേറ്റില്‍ കുടുങ്ങി
നീലേശ്വരം: പള്ളിക്കര റെയില്‍വേ ഗേറ്റിലെ അറ്റകുറ്റപ്പണിയെത്തുടര്‍ന്നു ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പുലര്‍ച്ചെ മണിക്കൂറുകളോളം ഗേറ്റ് അടച്ചതിനെത്തുടര്‍ന്നുള്ള വാഹനക്കുരുക്ക് രാവിലെയും തുടര്‍ന്നപ്പോള്‍ അറ്റകുറ്റപ്പണിയുടെ ആദ്യ ദിനം തന്നെ യാത്രക്കാര്‍ക്കു ദുരിതമായി.
ചൊവ്വാഴ്ച മുതല്‍ 21 വരെ രാത്രി 12 മുതല്‍ പുലര്‍ച്ചെ മൂന്നുവരെയാണു ഗേറ്റ് അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്നത്. എന്നാല്‍ പുലര്‍ച്ചെ തുറക്കുന്ന ഗേറ്റില്‍ വാഹനങ്ങളുണ്ടാകില്ലെന്ന കണക്കുകൂട്ടലാണു തകിടം മറിഞ്ഞത്. അറ്റകുറ്റപ്പണിയെക്കുറിച്ചുള്ള അറിയിപ്പില്‍ വാഹനങ്ങള്‍ കടന്നുപോകേണ്ട ബൈപ്പാസ് റോഡുകളും നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മണിക്കൂര്‍ നീണ്ട അറ്റകുറ്റപ്പണി പൂര്‍ത്തിയാകും വരെ ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദേശീയപാതയില്‍ തന്നെ നിര്‍ത്തിയിട്ടു. ഇതോടെ ഒരു ഘട്ടത്തില്‍ ഓണക്കുന്നു വരെ വാഹന നിര നീണ്ടു.
ഗേറ്റു തുറന്നതിനു ശേഷം ഏറെ നേരം ഭാഗികമായി മാത്രമാണു വാഹനങ്ങള്‍ കടത്തിവിട്ടത്. ഇരുവശത്തു നിന്നുമുള്ള വാഹനങ്ങള്‍ ഗേറ്റിലേക്കിരച്ചെത്തിയതോടെ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയായി. വാഹനം നിയന്ത്രിക്കാനും ആവശ്യത്തിനു പൊലിസുകാര്‍ ഇല്ലാതിരുന്നതോടെ വാഹനങ്ങള്‍ തന്നിഷ്ടത്തിനു നീങ്ങാന്‍ തുടങ്ങി. ഇതു ഗതാഗത സ്തംഭനത്തിനു കാരണമായി.
രാവിലെയായിട്ടും വാഹനങ്ങളുടെ ഒഴുക്കു തുടരുകയായിരുന്നു. ട്രെയിന്‍ കടന്നുപോകാന്‍ ഇടയ്ക്കിടെ ഗേറ്റ് അടച്ചതും ഗതാഗതക്കുരുക്കു വര്‍ധിപ്പിച്ചു. ഇതോടെ പല സ്വകാര്യബസുകളും നീലേശ്വരം, ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡുകളില്‍ ഓട്ടം അവസാനിപ്പിച്ചു.രാവിലെ 11 ഓടെ മാത്രമാണു ഗതാഗതം സാധാരണ നിലയിലായത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി പരിയാരം, മംഗളൂരു തുടങ്ങിയയിടങ്ങളിലേക്കു പോകുകയായിരുന്ന ആംബുലന്‍സുകളും ഗേറ്റില്‍ കുടുങ്ങി. വാഹനങ്ങള്‍ തോന്നിയതു പോലെ റോഡില്‍ നിര്‍ത്തിയിട്ടതിനാല്‍ ഇവയെ കടത്തിവിടാനും കഴിഞ്ഞില്ല. മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമാണു പല ആംബുലന്‍സുകളും കടന്നു പോയത്.
ബസുകള്‍ ഓടാതെ വന്നതോടെ വിദ്യാര്‍ഥികള്‍ സ്‌കൂളിലും കോളജിലും എത്താനാകാതെ വലഞ്ഞു.
പതിവുസമയത്തു വാഹനമെടുത്തിറങ്ങിയവരും ബസുകളില്‍ വരാനിറങ്ങിയ ജീവനക്കാരും ഓഫിസിലെത്താന്‍ ഏറെ ബുദ്ധിമുട്ടി. പത്തു മണിക്കു സ്‌കൂളുകളിലും ഓഫിസുകളിലും ജീവനക്കാരുടെ എണ്ണവും കുറവായിരുന്നു.
ഒടുവില്‍ ഗതാഗതം സാധാരണ നിലയിലായതിനു ശേഷമാണു പലരും ഓഫിസുകളിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."