സ്ഥല പരിശോധനക്ക് കൈവശക്കാര്‍ സഹകരിക്കണം: സബ് കലക്ടര്‍
മാനന്തവാടി: പാവപ്പെട്ട ആളുകള്‍ക്കു ഭൂമിയില്‍ അവകാശം ലഭിക്കാന്‍ സഹായകമാകുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്ന് സബ് കലക്ടര്‍ ശീറാം സാംബശിവ റാവു അഭ്യര്‍ഥിച്ചു. നിലവില്‍ ഏറ്റെടുക്കേണ്ട ഭൂമികളില്‍ ഭൂരിഭാഗവും കൈവശം വെക്കുന്നത് പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളാണ്. അതുകൊണ്ടു തന്നെ മിച്ചഭൂമി ഇവര്‍ക്കു മുന്‍ഗണനാ ക്രമത്തില്‍ പതിച്ചു നല്‍കുന്നതിനുള്ള നടപടിയും അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ആവശ്യമായ സ്ഥല പരിശോധന നടത്തുന്നതിനു കൈവശക്കാരുടെ സഹകരണമില്ലെങ്കില്‍ സാധിക്കില്ല. മാത്രമല്ല നടപടി പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാകുകയും ചെയ്യും. നിലവിലെ പരിശോധന തക്കതായ രേഖകളുടെ പിന്‍ബലം പോലും അവകാശപ്പെടാനില്ലാത്ത പാവങ്ങള്‍ക്ക് ഏറെ സഹായകരമാകുന്നതാണ്. പാരിസസണ്‍ എസ്‌റ്റേറ്റ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്നവര്‍ക്കെതിരായ മിച്ചഭൂമി കേസില്‍ മാനന്തവാടി താലൂക്ക് ലാന്റ്‌ബോര്‍ഡ് 2001ല്‍ 649.20 ഏക്കര്‍ മിച്ചഭൂമിയായി കണക്കാക്കി ഉത്തരവിറക്കിയതാണ്. ഈ വിധിക്കെതിരേ ഹൈക്കോടതിയില്‍ കമ്പനി അപ്പീല്‍ നല്‍കിയിരുന്നു.
2014ല്‍ ഉണ്ടായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച് ലാന്റ്‌ബോര്‍ഡിന് ഓപ്ഷന്‍ നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഭൂരിഭാഗം സ്ഥലവും അന്യ കൈവശത്തിലാണെന്നും ഇവരില്‍ നല്ല ശതമാനവും പാവപ്പെട്ട തൊഴിലാളികളാണെന്നും ബോധ്യപ്പെട്ടിരുന്നു. നിയമവശങ്ങള്‍ പഠിച്ച് സാധാരണക്കാര്‍ക്കു ഭൂമി ലഭ്യമാകുന്ന തരത്തിലുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും സബ് കലക്ടര്‍ ശീറാം സാംബശിവ റാവു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."