അര്‍ബുധ രോഗികളുടെ ദുഃഖമകറ്റാന്‍ 152 വനിതകളുടെ കേശദാനം
വടക്കാഞ്ചേരി: അര്‍ബുധ രോഗികള്‍ക്ക് സ്വന്തം മുടി മുറിച്ച് നല്‍കി ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായൊരു ചുവടു വെയ്പിന് തയ്യാറെടുക്കുകയാണ് മച്ചാട് സെന്റ് ആന്റണീസ് പള്ളിയുടെ നേതൃത്വത്തില്‍ മതേതരത്വത്തിന്റെ മഹനീയതയുയര്‍ത്തി ജനകീയ കൂട്ടായ്മ.
സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഭാര്യയും ആരോഗ്യ വകുപ്പ് ജീവനക്കാരിയുമായ ഉസൈബാ ബീവിയും മകള്‍ ആയുര്‍വേദ ഡോക്ടര്‍ ഷീബയും അടക്കം 152 വനിതകളാണ് സമാനതകളില്ലാത്ത കാരുണ്യത്തിന്റെ മഹിമ തീര്‍ത്ത് സമൂഹത്തിനാട്ടാകെ വലിയ മാതൃക തീര്‍ക്കുന്നത്. തെക്കുംകര പഞ്ചായത്തിലെ മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ പിയാത്ത പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റും, ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ നിരയൊരുക്കി ഒട്ടേറെ പേരുടെ കണ്ണീരൊപ്പിയ മച്ചാട് ലവിംഗ് ലയണ്‍സ് ക്ലബും സംയുക്തമായാണ് കേശദാന പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ഡോ. ബിജു ആലപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹെയര്‍ ടു കെയര്‍ എന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജയും മകളും, സ്ഥിരം സമിതി അധ്യക്ഷ സുജാത ശ്രീനിവാസന്‍ പഞ്ചായത്ത് മെമ്പര്‍മാരായ രജനി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് ഏല്യാമ ടീച്ചര്‍ എന്നിവരടമടക്കമുള്ള വനിതകളും കേശദാനം നടത്തും.
30 സെന്റിമീറ്റര്‍ നീളത്തിലാണ് യുവതികളും, വീട്ടമ്മമാരുമടക്കമുള്ള സംഘം കേശദാനം നടത്തുക. ഒക്ടോബര്‍ 23ന് പള്ളി അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും, പഞ്ചായത്തിലെ വിവിധ ബ്യൂട്ടീഷ്യന്മാരും എത്തിയാണ് മുടി മുറിച്ചെടുക്കുക. ഇടവക വികാരിയും സംഘാടക സമിതി ചെയര്‍മാനുമായ ഫാ.ഡോ.ബിജു ആലപ്പാട്ട് ലവിംഗ് ലയണ്‍സ് പ്രസിഡന്റ് ഷാജു തോമാസ്, രക്ഷാധികാരികളായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമാസ്, ഡോ: രവീന്ദ്രന്‍ മൂര്‍ക്കനാട്ട്, വൈസ് ചെയര്‍മാന്മാരായ പി.ജെ രാജു, ബീന ജോണ്‍സണ്‍, സിസ്റ്റര്‍ വിയാനി, വര്‍ക്കിങ് ചെയര്‍മാന്‍ ഡെന്നി തോമാസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മഹനീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നാളെ രാവിലെ 8.15ന് ആരംഭിക്കുന്ന ചടങ്ങില്‍ വെച്ച് കേശദാനം നടത്തുന്ന 152 വനിതകളും വിശിഷ്ട വ്യക്തികളും ചേര്‍ന്ന് അര്‍ബുധത്തെ അകറ്റുന്നതിന് വേണ്ടിയുള്ള സന്ദേശമടങ്ങിയ ബലൂണുകള്‍ അന്തരീക്ഷത്തിലേക്ക് പറത്തിയാണ് ഉദ്ഘാടനം ചെയ്യുക. വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര, സീരിയല്‍ താരം സ്‌നേഹ, സാമൂഹ്യ പ്രവര്‍ത്തക ഷീബ അമീര്‍, ജനപ്രതിനിധികള്‍, സംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് അര്‍ബുധ രോഗ വിഭാഗത്തിലേക്കാണ് മുഴുവന്‍ മുടിയും കൈമാറുക. വടക്കാഞ്ചേരി പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഷാജു തോമാസ്, ഡെന്നി തോമാസ്, ഷാജു വാതക്കോടത്ത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."