പറമ്പികുളത്തേക്ക് കേരളത്തിലൂടെ റോഡിന് സര്‍വേ നടത്തണമെന്ന് കലക്ടര്‍; എതിര്‍പ്പുമായി വനംവകുപ്പ്
പാലക്കാട്: പറമ്പികുളത്തേക്ക് റോഡ് നിര്‍മിക്കുന്നതിനെ ചൊല്ലി ജില്ലാ വികസന സമിതിയില്‍ ജില്ലാ കലക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും രണ്ടുപക്ഷത്ത്. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ റോഡ് നിര്‍മിക്കാന്‍ കഴിയില്ലെന്നാണ് ജില്ലാ വികസന സമിതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ കലക്ടര്‍ മേരിക്കുട്ടി റോഡ് നിര്‍മിക്കണമെന്ന നിലപാടിലാണ്. റോഡിന് വേണ്ടി സര്‍വേ നടത്തണമെന്നും അതില്‍ വിട്ടു വീഴ്ചയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ഒരാഴ്ച്ചക്കുള്ളില്‍ സര്‍വെ നടത്തണമെന്നും അവര്‍ പറഞ്ഞു
പറമ്പികുളത്തേക്ക് കേരളാതിര്‍ത്തിയിലൂടെ റോഡ് നിര്‍മിക്കണമെന്ന ആദിവാസികളുടെയും, ഉദ്യോഗസ്ഥരുടെയും ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം വരും. ഇപ്പോള്‍ പറമ്പികുളത്തെത്താന്‍ തമിഴ്‌നാട്ടിലൂടെ വേണം പോവാന്‍. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കേരളത്തിലെ ജനപ്രതിനിധികളെ പോലും കടത്തിവിടാന്‍ തമിഴ്‌നാട് തയാറാവാറില്ല. പറമ്പിക്കുളം പൊലിസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെമ്മണാമ്പതി തേക്കടി റോഡ് നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അറിയിച്ചുവെങ്കിലും റോഡ് നിര്‍മാണസര്‍വേ പോലും നടന്നില്ല.
ഒരുമാസം മുന്‍പ് പറമ്പികുളത്ത് തമിഴ്‌നാട്ടിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ തര്‍ക്കം മൂലം ഒരാഴ്ചയോളം കേരളത്തിലേക്കുള്ള ബസ് ഗതാഗതം തടസപ്പെടുത്തിയിരുന്നു സര്‍ക്കാര്‍ വാഹനങ്ങളെ പോലും തടഞ്ഞു. ഇതുമൂലം പറമ്പികുളത്തുള്ളവര്‍ക്ക് കേരളത്തിലെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലൂടെ റോഡ് വേണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്. കഴിഞ്ഞയാഴ്ച തേക്കടിയിലെ ആദിവാസികള്‍ ചെമ്മണാമ്പതി തേക്കടി റോഡിനായി സമരം നടത്തിയിരുന്നു .
ചെമ്മണാമ്പതിയില്‍ നിന്നും തേക്കടിയിലേക്കുള്ള ഒന്‍പതു കിലോമീറ്റര്‍ ദൂരം നടപ്പാതയുണ്ട്. ഇതിന്റെ അറ്റകുറ്റപണികള്‍ നടത്തിയാല്‍ ജീപ്പ് പോവാന്‍ സൗകര്യം ചെയ്യാമെന്ന നിലപാടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. നെല്ലിയാമ്പതി നൂറടിയില്‍ നിന്നും കുരിയാര്‍കുട്ടിയിലേക്കു 28 കിലോ മീറ്ററില്‍ ഒരു റോഡിന് വേണ്ടി 80 കോടി രൂപയുടെ ഒരു പ്രപ്പോസല്‍ സര്‍ക്കാരിനു സമര്‍പിച്ചതായി ജോയിന്റ് വാട്ടര്‍ റെഗുലേഷന്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ അറിയിച്ചു. എന്നാല്‍ ഈ റോഡ് കടുവാസംരക്ഷണ കേന്ദ്രത്തിന്റെ കോര്‍ മേഖലയിലൂടെ പോവുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി കിട്ടാന്‍ ഇടയില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ത്യയിലെ മറ്റു കടുവാസങ്കേതങ്ങളില്‍ റോഡ് വികസനം നടത്തുന്നതായും കേരളത്തിന് മാത്രം ബാധകമാണോ നിയമമെന്നു ചില ജനപ്രതിനിധികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. എന്തായാലും റോഡിനായുള്ള സര്‍വേ നടത്തണമെന്നാണ് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."