ഉദ്യോഗസ്ഥരുടെ വീടുകളില്‍ സി.ബി.ഐ പരിശോധന തുടരുന്നു
കൊച്ചി: ജിപ്‌സം വില്‍പനയിലെ അഴിമതിയുമായി ബന്ധപ്പെട്ട് എഫ്.എ.സി.ടി ഉദ്യോഗസ്ഥരുടെ വീടുകളില്‍ സി.ബി.ഐ നടത്തിവന്ന പരിശോധന ഇന്നലെയും തുടര്‍ന്നു. ഫാക്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അംബികയുടെ വടുതലയിലെ വീട്ടിലും സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണറായ ഇവരുടെ ഭര്‍ത്താവിന്റെ ഓഫിസിലും പരിശോധന നടത്തി. അംബികയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ ഒരു കോടി രൂപയുടെ ബാങ്ക് നിക്ഷേപമടക്കമുള്ള സമ്പാദ്യത്തിന്റെ രേഖകള്‍ സി.ബി.ഐ പിടിച്ചെടുത്തു.
അംബികയുടെ വീട്ടില്‍ നടന്ന പരിശോധനയ്ക്കിടെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ഓഫിസിലും റെയ്ഡ് നടത്തിയത്.
പ്രതികളുടെ ബാങ്ക് ലോക്കറുകളുടെ പരിശോധനയാണ് ഇന്ന് നടത്തുക. കഴിഞ്ഞ രണ്ടു ദിവസം ബാങ്ക് അവധിയായതിനാല്‍ ബാങ്കുകളില്‍ പരിശോധന നടത്താന്‍ സി.ബി.ഐക്ക് കഴിഞ്ഞിരുന്നില്ല. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ പിടിച്ചെടുത്ത രേഖകള്‍ കൊച്ചിയില്‍ എത്തിക്കാന്‍ സമയമെടുക്കുമെന്നും അതിനുശേഷമേ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കൂവെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. പിടിച്ചെടുത്ത രേഖകളുടെ പരിശോധനയും തുടര്‍ന്ന് സാക്ഷികളുടെ മൊഴിയെടുക്കലും നടക്കും. അതിനുശേഷം ഫാക്ട് സി.എം.ഡി ജയ്‌വീര്‍ ശ്രീവാസ്തവ അടക്കമുള്ള പ്രതികളെ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."