HOME
DETAILS

യുക്തിവാദത്തിന്റെ അരാഷ്ട്രീയ അപചയങ്ങള്‍

  
backup
May 15 2016 | 19:05 PM

%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d

ജാതി വിരുദ്ധ സാമൂഹിക ബോധത്തില്‍നിന്ന് വികസിച്ചുവന്നതാണ് കേരളത്തിലെ യുക്തിവാദ ചിന്താധാര എന്ന ഒരു വീക്ഷണം നിലനില്‍ക്കുന്നുണ്ട്. ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയവര്‍ നയിച്ച സവര്‍ണതക്കെതിരായ പോരാട്ടങ്ങളില്‍നിന്ന് ആശയവും പ്രചോദനവും സ്വീകരിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില്‍ അവര്‍ണ വിഭാഗങ്ങള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുവന്ന വിപ്ലവ ചിന്തകരില്‍ ചിലര്‍ യുക്തിവാദികളായിരുന്നു എന്നതിന്റെ മാത്രം അടിസ്ഥാനത്തിലാണ് പ്രസ്തുത വീക്ഷണമുണ്ടായത്. കേരളത്തിലെ യുക്തിവാദികള്‍ അന്നും ഇന്നും ശ്രീനാരായണ ഗുരുവിനെ അവരുടെ ഒരാശയ സ്രോതസ്സായി കരുതുന്നുണ്ട്. എന്നാല്‍ 1900 മുതല്‍ 1950 കള്‍ വരെയുള്ള പതിറ്റാണ്ടുകളില്‍ ജാതീയതക്കും സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കുമെതിരായ പോരാട്ടം യുക്തിവാദികള്‍ അവരുടെ പ്രധാനമേഖലയാക്കിയിരുന്ന ഘട്ടങ്ങളില്‍ മാത്രമൊതുങ്ങുന്നതാണ് യുക്തിവാദവും നാരായണ ഗുരുവും തമ്മിലുള്ള ആശയബന്ധം. പിന്നീട് വിശ്വാസങ്ങള്‍ക്കും ഈശ്വര ബോധത്തിനും എതിരായ സമരമുഖങ്ങള്‍ കൂടുതല്‍ ആവേശത്തോടെ തുറന്നുവെച്ച യുക്തിവാദത്തിന് ഈശ്വരബോധത്തിന്റെ പ്രചാരകനായിരുന്ന നാരായണ ഗുരുവുമായുള്ള തുടര്‍ച്ച നഷ്ടമാകുന്നുണ്ട്. എല്ലാ ഭവനങ്ങളിലും ഈശ്വര വിശ്വാസത്തിന്റെ വെളിച്ചമെത്തണം എന്ന് ആഗ്രഹിക്കുകയും അതിനായി പ്രബോധിപ്പിക്കുകയും അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നതെന്നും അപരനു കൂടി ഗുണത്തിനായി വരണം എന്ന് അഭിലഷിക്കുകയും ചെയ്ത നാരായണ ഗുരു നാസ്തിക യുക്തിവാദത്തിന്റെ നേതാവായിരിക്കുക സാധ്യമല്ലല്ലോ. അതുകൊണ്ടുതന്നെ സഹോദരന്‍ അയ്യപ്പന്റെയും മിതവാദി കൃഷ്ണന്റെയുമൊക്കെ കാലം കഴിയുന്നതോടുകൂടി യുക്തിവാദികള്‍ നാരായണ ഗുരുവിനെ മാറ്റിനിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ അന്‍പതുകളുടെ അവസാനത്തോടെ കേരളത്തിലെ യുക്തിവാദത്തിനു സംഭവിച്ച ദിശാബോധം നഷ്ടം കാരണമായിരിക്കാം പിന്നെയും നാരായണ ഗുരുവിനെ യുക്തിവാദികള്‍ കൊണ്ടു നടന്നത്.
ശ്രീനാരായണ ഗുരുവില്‍നിന്ന് ആശയങ്ങള്‍ സ്വീകരിച്ച സഹോദരന്‍ അയപ്പന്‍ അടക്കമുള്ളവരുടെ തലമുറക്കു ശേഷം ഒരു സാമൂഹിക നിഷേധ പ്രസ്ഥാനത്തിന്റെ സ്വഭാവത്തിലേക്ക് മാറുന്ന ദശയിലാണ് മതനിഷേധം യുക്തിവാദത്തിന്റെ ഉള്ളടക്കമായി മാറിത്തുടങ്ങുന്നത്. അതോടെ യുക്തിവാദം വ്യക്തിവാദമായിത്തീരുകയും ചെയ്യുന്നുണ്ട്. നാല്‍പതുകള്‍ക്ക് ശേഷമുള്ള ഘട്ടത്തില്‍ വിപ്ലവ ചിന്തയുടെയും ആവേശത്തിന്റെയും കാഠിന്യത്താല്‍ കേരള യുക്തിവാദം ഒരു പറയിപ്പെറ്റ പന്തിരുകുലമായി മാറുന്നു. ആര്‍ക്കും എന്തും പറയാമെന്നും നിലനില്‍ക്കുന്ന സാമൂഹിക അച്ചടക്കത്തെയും ധാര്‍മിക അതിര്‍രേഖകളെയും ചോദ്യം ചെയ്യുന്ന എന്തിനെയും യുക്തിവാദത്തിന്റെ ലേബലില്‍ ഇറക്കിവിടാമെന്നും മറ്റുമുള്ള തോന്നലുകള്‍ യുക്തിവാദികളെ ഭരിക്കാന്‍ തുടങ്ങി.
കേരളത്തില്‍ യുക്തിവാദത്തിന്റെയും മതനിഷേധത്തിന്റെയും കൊടുങ്കാറ്റ് അടിച്ചുവീശുമെന്നും ജനങ്ങള്‍ മൊത്തത്തില്‍ നാസ്തികരായിമാറുമെന്നും വിശ്വസിച്ചിരുന്ന യുക്തിവാദികള്‍ എഴുപതുകളുടെ അവസാനം വരെയും ഉണ്ടായിരുന്നു. അത്തരത്തില്‍ ചില ഗ്രന്ഥങ്ങള്‍പോലും രചിക്കപ്പെടുകയുണ്ടായി. യുക്തിവാദ വിപ്ലവത്തെക്കുറിച്ചും ഭരണകൂട രൂപീകരണത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ സാമൂഹിക മേഖലയില്‍ ഇടപെടുന്നതില്‍പോലും കൃത്യമായ ആശയങ്ങളും അജന്‍ഡകളും ഇല്ലാത്ത കേരളത്തിലെ യുക്തിവാദികള്‍ക്ക് രാഷ്ട്രീയം എക്കാലത്തും ഒരു വെല്ലുവിളിയായിരുന്നു. പുരോഗമന വാദികള്‍ എന്ന നിലയില്‍ യുക്തിവാദികള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണം എന്നു പറയുന്നവരും എന്നാല്‍ യുക്തിവാദം വേറെ രാഷ്ട്രീയം വേറെ എന്നു പറയുന്നവരും കേരള യുക്തിവാദികള്‍ക്കിടയില്‍ അന്‍പതുകള്‍ക്കു ശേഷമാണ് പ്രത്യക്ഷപ്പെടുന്നത്. കുറ്റിപ്പുഴ കൃഷ്ണപിള്ള ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നതും എം.സി ജോസഫ് കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തിയതും മറ്റുമാണ് യുക്തിവാദത്തിന് രാഷ്ട്രീയമില്ല എന്നു വാദിച്ചവരുടെ തെളിവ്. ഇത്തരത്തില്‍ യുക്തിവാദത്തെ പൂര്‍ണമായും അരാഷ്ട്രീയവല്‍കരിക്കാന്‍ ശ്രമിച്ചവര്‍ മതവിമര്‍ശനത്തില്‍ മാത്രമായി യുക്തിവാദത്തെ കൊണ്ടെത്തിക്കുകയും മറ്റൊരു ദൗത്യവും അതിനില്ല എന്ന നിലപാടില്‍ എത്തിച്ചേരുകയും ചെയ്തു.
ഫലപ്രദവും പ്രയോജനകരവുമെങ്കില്‍ വ്യക്തികള്‍ക്ക് മതവിശ്വാസവും ആകാമെന്ന നിലപാടായിരുന്നു എം.സി ജോസഫിന്റേത്. യുക്തിവാദി മാസികയിലെ ചോദ്യോത്തര പംക്തിയില്‍ ഈ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചതു കാണാം. എന്നാല്‍ മനുഷ്യ ജീവിതത്തെ വലയം ചെയ്തു നില്‍ക്കുന്ന മതത്തിന്റെ സ്വാധീനത്തില്‍നിന്നും കുതറിച്ചാടാന്‍ യുക്തിവാദികള്‍ നടത്തിയ ശ്രമങ്ങള്‍ എക്കാലവും അവരെ ബാലിശവാദഗതികളുടെ വക്താക്കള്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ ഇടവരുത്തി. ഭൗതികവാദത്തിന്റെ രണ്ടു ശാഖകള്‍ എന്ന നിലയില്‍ കമ്യൂണിസത്തെയും യുക്തിവാദത്തെയും വിലയിരുത്തിയ സഖാവ് ഇ.എം.എസ് പോലും യുക്തിവാദകളെ വരട്ടുതത്വവാദികള്‍ എന്നു വിശേഷിപ്പിക്കുന്നതിന് ഇടയാക്കിയത്. മതത്തോടുള്ള അവരുടെ നിലപാടുകൡലെ അപ്രായോഗികതയും അയുക്തികതയുമാണ്.
സ്വാതന്ത്ര്യമെന്ന ആശയത്തെയും സ്വതന്ത്ര ചിന്ത എന്ന അനുഭവത്തെയും അവയുടെ ഏറ്റവും മലിനമായ ഭാവുകത്വങ്ങളില്‍ എത്തിച്ചവരാണ് കേരളത്തിലെ മധ്യകാല യുക്തിവാദികള്‍. അവരിന്ന് എത്തിനില്‍ക്കുന്നത് ഏറ്റവും വലിയ ആശയവരള്‍ച്ചയിലാണ്. ഈ വരള്‍ച്ചയുടെ ഒരു വാങ്ങ്മയ ചിത്രമാണ് യുക്തിവാദി, മുസ്‌ലിം യുക്തിവാദി, ക്രൈസ്തവ യുക്തിവാദി തുടങ്ങിയ സമീപകാല വിശേഷണങ്ങള്‍. ജാതി, മതം, സമുദായം, പാരമ്പര്യം എന്നിവ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാത്തവര്‍ എങ്ങനെയാണ് മതത്തിന്റെ പേരിലുള്ള ഉപവിശേഷണങ്ങളെ എടുത്തണിയുന്നത് എന്ന ലളിതമായ ചോദ്യത്തിനുപോലും സമകാലിന കേരള യുക്തിവാദികള്‍ക്ക് മറുപടി നല്‍കുവാന്‍ കഴിയുന്നില്ല.
നാസ്തിക വാദത്തിന്റെയും വിശ്വാസ ബഹിഷ്‌കരണത്തിന്റെയും വെടിമരുന്നിട്ട് കത്തിച്ചാല്‍ പോലും കെട്ടടങ്ങാത്ത വിധത്തില്‍ സ്വന്തം അന്തരാളത്തില്‍ ജാതിബോധവും സമുദായ ബോധവും കൊണ്ടു നടക്കുന്നവരുടെ പുരോഗമന നാട്യങ്ങള്‍ മാത്രമാണു ഇന്ന് കേരളത്തിലെ യുക്തിവാദമെന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് യുക്തിവാദികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിശേഷിപ്പിക്കുന്നതും എണ്ണിതിട്ടപ്പെടുത്തുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago