സ്‌കോള്‍ കേരള മലപ്പുറം കേന്ദ്രം നിര്‍ത്തില്ലെന്നു മന്ത്രി നിയമസഭയില്‍
മലപ്പുറം: സ്‌കോള്‍ കേരള മലപ്പുറം മേഖല കേന്ദ്രം നിര്‍ത്തലാക്കുന്നതു ഇപ്പോള്‍ പരിഗണനയിലില്ലെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതു സംബന്ധിച്ചു പി.കെ അബ്ദുറബ്ബ് നിയമസഭയില്‍ നല്‍കിയ ചോദ്യത്തിനാണു മന്ത്രി മറുപടി നല്‍കിയത്. കേന്ദ്രം നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നതായി സൂചിപ്പിച്ചു സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
മലബാര്‍ ജില്ലകളില്‍ നിന്നും സ്‌കോള്‍ കേരള വഴി(പഴയ ഓപ്പണ്‍ സ്‌കൂള്‍) പ്ലസ്‌വണ്‍, പ്ലസ്ടു പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായാണു സിവില്‍ സ്റ്റേഷനില്‍ മലബാര്‍ മേഖലാകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നേരത്തെയുണ്ടായിരുന്ന ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഒഴിവില്‍ ഇതുവരെ പുതിയ ആളുകളെ നിയമിച്ചിരുന്നില്ല. ഇതുമൂലം വിദ്യാര്‍ഥികളുടെ ടി.സി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു.
നേരത്തെ മലബാര്‍ മേഖല കേന്ദ്രത്തില്‍ നിന്നു പൂര്‍ത്തിയാക്കിയിരുന്ന അപേക്ഷകളുടെ വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആഴ്ചകള്‍ക്കു മുമ്പാണു തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. ഇതിനെത്തുടര്‍ന്നു മലബാര്‍ മേഖല കേന്ദ്രം നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നതായി സൂചിപ്പിച്ചു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ജില്ലയില്‍ നിന്നു കൊണ്ടുപോയ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ അപേക്ഷാ രേഖകളുടെ വെരിഫിക്കേഷന്‍ നടപടികള്‍ ഇതിനകം ഒരാഴ്ച മുമ്പേ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയായ രേഖകള്‍ ഉടന്‍ തന്നെ ജില്ലയിലേക്കു തിരിച്ചെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതു വരെ തിരിച്ചെത്തിച്ചിട്ടില്ല. അതേസമയം മലപ്പുറം മേഖലാകേന്ദ്രം നിര്‍ത്തലാക്കുന്നത് സംബന്ധിച്ചു കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറയുന്നുണ്ടെങ്കിലും കേന്ദ്രം നിലനിര്‍ത്തുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കാനോ അടിസ്ഥാന സൗകര്യം ഒരുക്കാനോ ഇതുവരെ സര്‍ക്കാര്‍ തയാറാവാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."