അത്‌ലറ്റിക്ക് അസോസിയേഷന്‍ മുഖം തിരിച്ചു; പി.ടി ഉഷയുടെ ശിഷ്യകള്‍ കേരളം വിടുന്നു
ആലപ്പുഴ: പയ്യോളി എക്‌സ്പ്രസിന്റെ ശിഷ്യകളില്‍ ഷഹര്‍ബാനയ്ക്ക് മാത്രം എന്‍ട്രി നല്‍കി രാജ്യാന്തര അത്‌ലറ്റുകളായ ജിസ്‌നയ്ക്കും അബിതയ്ക്കും അത്‌ലറ്റിക്ക് അസോസിയേഷന്റെ ഫൗള്‍ വിസില്‍. സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് യോഗ്യത നേടാനാകാതെ വന്നതോടെ ദേശീയ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റിനുള്ള കേരള ടീമില്‍ നിന്നു ഒഴിവാക്കപ്പെട്ട ജിസ്‌നയും അബിതയും ഒപ്പം ഷഹര്‍ബാനയും കേരളം വിടാനുള്ള നീക്കത്തിലാണ്.
ദേശീയ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റിനായി 180 അംഗ കേരള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. 10 മുതല്‍ 14 വരെ കോയമ്പത്തൂരിലാണ് മീറ്റ് നടക്കുന്നത്. എറണാകുളത്ത് സമാപിച്ച സംസ്ഥാന ജൂനിയര്‍ മീറ്റില്‍ നിന്നാണ് 180 അംഗ കേരള സംഘത്തെ തിരഞ്ഞെടുത്തത്. 93 ആണ്‍കുട്ടികളും 87 പെണ്‍കുട്ടികളും ഉള്‍പ്പെട്ടതാണ് ടീം.
ജൂനിയര്‍ വനിതകളുടെ അണ്ടര്‍ 20 വിഭാഗത്തില്‍ 400 മീറ്ററില്‍ ഒരു താരം മാത്രം യോഗ്യതനേടിയതിനാല്‍ രണ്ടാമതൊരാള്‍ക്കു അവസരം വന്നതോടെയാണ് സംസ്ഥാന മീറ്റിനു എത്താതിരുന്നിട്ടും ഷഹര്‍ബാന സിദ്ദീഖിന് ടീമില്‍ ഇടം നല്‍കിയത്. ദേശീയ രാജ്യന്തര മത്സരങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് ഷഹര്‍ബാന ടീമില്‍ എത്തിയത്. എന്നാല്‍, സംസ്ഥാന മീറ്റില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ജിസ്‌ന മാത്യുവിനെയും അബിത മേരി മാനുവലിനെയും ഉള്‍പ്പെടുത്തിയതുമില്ല. ദേശീയ രാജ്യാന്തര മത്സരങ്ങളില്‍ മികവു തുടരുന്ന ജിസ്‌ന, ഷഹര്‍ബാന, അബിത എന്നിവരെ നേരിട്ട് ദേശീയ മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഒളിംപ്യന്‍ പി.ടി ഉഷ അത്‌ലറ്റിക്ക് അസോസിയേഷനു നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഷഹര്‍ബാനയ്ക്ക് പുറമേ ജിസ്‌നയെയും അബിതയെയും ജൂനിയര്‍ വനിതകളുടെ അണ്ടര്‍ 20 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഉഷയുടെ ആവശ്യം നിരാകരിച്ച അസോസിയേഷന്‍ സംസ്ഥാന മീറ്റില്‍ പങ്കെടുത്തു യോഗ്യത തെളിയിക്കാന്‍ നിര്‍ദേശിച്ചു. അണ്ടര്‍ 18 വിഭാഗത്തില്‍ 400 മീറ്ററില്‍ ലിനറ്റ് ജോര്‍ജും സബിത സാജുവും 800 മീറ്ററില്‍ റിയാമോള്‍ ജോയി, ആബേല്‍ ബാബു എന്നിവര്‍ സംസ്ഥാന മീറ്റില്‍ മത്സരിച്ച് യോഗ്യത നേടിയതോടെയാണ് ജിസ്‌നയും അബിതയും പുറത്തായത്.
ഇതിനു പുറമേ ജൂനിയര്‍ വനിതകളുടെ അണ്ടര്‍ 20 വിഭാഗത്തില്‍ മത്സരിക്കാനുള്ള പ്രായം തികയാത്തതും ഇരുവര്‍ക്കും തിരിച്ചടിയായി.
സ്‌കൂളിലെ മൂന്നു താരങ്ങളെയും ജൂനിയര്‍ വനിതകളുടെ അണ്ടര്‍ 20 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കാട്ടി ഒക്ടോബര്‍ 11 നാണ് ഉഷ അസോസിയേഷനു കത്ത് നല്‍കിയത്.
കത്ത് കിട്ടിയ ഉടന്‍ തന്നെ മത്സരിച്ചു യോഗ്യത തെളിയിക്കാതെ ടീമില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് അസോസിയേഷന്‍ ഉഷ സ്‌കൂളിലെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഒക്്‌ടോബര്‍ 28, 29, 30 തിയതികളിലായാണ് സംസ്ഥാന മീറ്റ് നടന്നത്. 27നു ചേര്‍ന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ഉഷയുടെ കത്ത് ചര്‍ച്ച ചെയ്ത് ആവശ്യം നിരാകരിക്കുകയായിരുന്നു. അന്നു രാത്രി ഔദ്യോഗികമായി മറുപടിയും നല്‍കി. ഔദ്യോഗിക കത്ത് വൈകി ലഭിച്ചതോടെ താരങ്ങളെ സംസ്ഥാന മീറ്റിന് എത്തിക്കാന്‍ കഴിയാതെ വന്നെന്ന് പി.ടി ഉഷ പറഞ്ഞു.
ഷഹര്‍ബാനയ്ക്ക് മാത്രം ടീമില്‍ ഇടം ലഭിക്കുകയും ജിസ്‌നയും അബിതയും ഒഴിവാക്കപ്പെടുകയും ചെയ്തത് ഉഷയ്ക്കും തിരിച്ചടിയായി. ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഷഹര്‍ബാനയെ മാത്രം കേരളത്തിനായി ട്രാക്കിലിറക്കാന്‍ ഉഷ സമ്മതിച്ചേക്കില്ല. ജിസ്‌നയ്ക്കും അബിതയ്ക്കും ഒപ്പം ഷഹര്‍ബാനയും കേരളം വിട്ടേക്കും. തന്റെ ശിഷ്യര്‍ കേരളത്തിനു വേണ്ടി മത്സരിക്കുന്നതാണ് അഭിമാനമെന്നും ടീമില്‍ ഉള്‍പ്പെടുത്താതെ വന്നാല്‍ മറ്റു വഴികള്‍ തേടേണ്ടി വരുമെന്നും പി.ടി ഉഷ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിനു വേണ്ടിയോ അല്ലെങ്കില്‍ ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷന്റെ ബാനറിലോ ദേശീയ ജൂനിയര്‍ മീറ്റിന്റെ ട്രാക്കില്‍ മത്സരിപ്പിക്കാനാണ് ഉഷ ആലോചിക്കുന്നത്. നിലവില്‍ കേരള ടീം പ്രഖ്യാപിച്ചതോടെ ഇനി ഇതല്ലാതെ മറ്റുവഴികളൊന്നും ഉഷയ്ക്കും ശിഷ്യകള്‍ക്കും മുന്നിലില്ല. ദേശീയ രാജ്യന്തര തലങ്ങളില്‍ മികവു പുലര്‍ത്തുന്ന മൂന്ന് താരങ്ങളും സംസ്ഥാനം വിട്ടാല്‍ അത് കേരളത്തിന് തിരിച്ചടിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."