സര്‍ക്കാരിനോടുള്ള അതൃപ്തി പരസ്യമാക്കി മുന്‍ പൊലിസ് മേധാവി
തിരുവനന്തപുരം:ക്രമസമാധാന പാലനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിനു ലഭിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനോടുള്ള അതൃപ്തി പരസ്യമാക്കി മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍. തന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് പുരസ്‌കാരമെന്നു പ്രതികരിച്ച സെന്‍കുമാര്‍ പലര്‍ക്കുമുള്ള ഉത്തരമാണിതെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാടുഡേ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് 2015-16വര്‍ഷത്തെ മികച്ച ക്രമസമാധാനത്തിനുള്ള പുരസ്‌കാരം കേരളത്തിനു ലഭിച്ചത്. കേരളത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും കുറവായിരുന്നുവെന്നും സംസ്ഥാന പൊലിസിന്റെ സേവനം മികച്ചതായിരുന്നുവെന്നു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ പൊലിസ് സേനയെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിഞ്ഞിരുന്നു എന്നു വ്യക്തമാക്കിയ സെന്‍കുമാര്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചിട്ടും തന്നെ സ്ഥാനത്തുനിന്നും നീക്കുകയായിരുന്നുവെന്നും പ്രതികരിച്ചു.
ആരെങ്കിലും എന്തെങ്കിലും വിളിച്ചുകൂവിയാല്‍ ഉടനേ നടപടി എടുക്കുകയാണെങ്കില്‍ ആ ഉദ്യോഗസ്ഥനു പിന്നീട് ആത്മാര്‍ഥതയോടെ ജോലി ചെയ്യാനാകില്ല. സുകുമാരക്കുറിപ്പിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നു കരുതി 1984മുതലുള്ള എല്ലാ ഡി.ജി.പിമാരും ഇതുവരെ ഒരുജോലിയും ചെയ്തിട്ടില്ല എന്നു പറയുന്നതുപോലെയാണ് തനിക്കെതിരേ ഉള്ള ആരോപണങ്ങള്‍.
എല്ലാ പ്രശ്‌നങ്ങളും താഴെയുള്ള ഉദ്യോഗസ്ഥര്‍ക്കു കൊടുത്തിട്ട് നേട്ടം മാത്രം തനിക്ക് എന്ന നിലപാട് ശരിയല്ല. താന്‍ പൊലിസ് മേധാവിയായിരുന്ന സമയത്ത് ചില സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നു. പലകാര്യങ്ങളും പറയാന്‍ അനുവാദമില്ലായിരുന്നു.
ഈ സമയത്ത് ചില പൊലിസ് ഉദ്യോഗസ്ഥര്‍തന്നെ തനിക്കെതിരെ ദുരാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നതായും സെന്‍കുമാര്‍ പറഞ്ഞു. സത്യസന്ധമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പൊലിസിനു ലഭിക്കണം. ക്രൂശിക്കപ്പെടില്ലെന്നു ഉറപ്പുണ്ടെങ്കിലേ പൊലിസിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."