ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിന് 59 ലക്ഷം രൂപ അനുവദിക്കാന്‍ ബി.സി.സി.ഐക്ക് അനുമതി
ന്യൂഡല്‍ഹി: ഇന്നു ഗുജറാത്തിലെ രാജ്കോട്ടില്‍ നടക്കാനിരിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ചെലവുകളിലേക്കായി 59 ലക്ഷം രൂപ അനുവദിക്കാന്‍ ബി.സി.സി.ഐക്ക് സുപ്രിംകോടതിയുടെ അനുമതി. മത്സരം നടക്കുന്ന സ്റ്റേഡിയത്തിന്റെ ഉടമകളായ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനു പണം നേരിട്ടു കൈമാറരുതെന്നും പകരം ഇതിനായി വരുന്ന ചെലവുകളുടെ ബില്ലുകള്‍ നേരിട്ടു കൊടുത്തു തീര്‍ക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ഈ നടപടി ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം അവസാനിക്കുന്ന ഡിസംബര്‍ അഞ്ചു വരെ തുടരാനും കോടതി അനുവദിച്ചു.
ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം അനുവദിക്കുന്നത് സുപ്രിംകോടതി വിലക്കിയിരുന്നു. ഇക്കാരണത്താല്‍ കോടതിയുടെ അനുമതിയില്ലാതെ പണം ചെലവഴിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബി.സി.സി.ഐ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
പണം ചെലവഴിക്കാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ രാജ്കോട്ടില്‍ ഇന്നു നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് റദ്ദാക്കേണ്ടി വരുമെന്നും ബി.സി.സി.ഐ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇന്നാരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരമുള്‍പ്പെടെ ഫണ്ടില്ലെങ്കില്‍ നടക്കില്ലെന്നാണ് ബി.സി.സി.ഐ കോടതിയെ അറിയിച്ചത്.
ക്രിക്കറ്റിനെ ശുദ്ധീകരിക്കുന്നതു സംബന്ധിച്ചു പഠിക്കാനായി സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെതുടര്‍ന്നാണ് ബി.സി.സി.ഐക്ക് ഏര്‍പ്പെടാവുന്ന സാമ്പത്തിക കരാറുകളുടെ പരിധി നിശ്ചയിച്ചും ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതു വരെ സംസ്ഥാനങ്ങളുടെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു ഒരു പൈസ പോലും നല്‍കരുതെന്നും സുപ്രിംകോടതി ഉത്തരവിട്ടത്. മീഡിയാ റൈറ്റ്, ഗ്രൗണ്ട് റൈറ്റ് തുടങ്ങിയ കരാറുകളിലും കമ്മിറ്റിയുടെ അനുമതിയില്ലാതെ ഇനി ഏര്‍പ്പെടരുതെന്നു നിര്‍ദ്ദേശിച്ച കോടതി, ബി.സി.സി.ഐയുടെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കുന്നതിനു സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാന്‍ കോടതി ലോധ കമ്മിറ്റിയ്ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."