തീരദേശത്തിന്റെ ദുരിതകെട്ടുകളുമായി സൈക്കിളില്‍ രണ്ടുയുവാക്കള്‍ തിരുവനന്തപുരത്തേക്ക്
തൃക്കരിപ്പൂര്‍: തീരദേശ ജനതയുടെ ദുരിതങ്ങള്‍ നിറഞ്ഞ ഭാണ്ഡക്കെട്ടുകളുമായി സൈക്കിളില്‍ രണ്ടു യുവാക്കള്‍ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്. തീരദേശ സംരക്ഷണ നിയമത്തിന്റെ കുരുക്കിലകപ്പെട്ട തീരദേശ ജനതയുടെ ആവലാതികളും വേവലാതികളുമായാണ് തൃക്കരിപ്പൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ പി.കെ.സി ഹാഷിം, യു. സുഹൈല്‍ എന്നിവര്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സൈക്കിളില്‍ യാത്ര തിരിച്ചത്. ഒന്‍പതു ദിവസങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് എത്തുന്ന ഇവര്‍ തൃക്കരിപ്പൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും മുന്നില്‍ തീരദേശ വാസികളുടെ പരാതി കെട്ടുകള്‍ അഴിക്കും. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ലഭ്യമാകുന്ന തീരദേശ ജനതയുടെ പരാതികളും ബുദ്ധിമുട്ടുകളും ശേഖരിക്കും. തീരദേശ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ തന്നെ ഒരു ഏകീകരണമുണ്ടാക്കാനും സൈക്കിള്‍ യാത്രയില്‍ യുവാക്കള്‍ക്ക് ലക്ഷ്യമുണ്ട്. തീരദേശ സരക്ഷണ പരിപാലന നിയമം (സി.ആര്‍.സെഡ്) മൂലം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശമാണ് കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ദ്വീപ് പഞ്ചായത്ത്.
ഭൂമിശാസ്ത്രപരമായി ദ്വീപിന്റെ ഭൂരിഭാഗവും തീരദേശ സംരക്ഷണ പരിപാലന നിയമത്തിന്റെ പരിധിയിലാണ്. മത്സ്യ തൊഴിലാളികളും കൃഷിക്കാരും കൂടുതലായി താമസിക്കുന്ന ദ്വീപില്‍ വീടുവെക്കാനോ പണിത വീടുകള്‍ക്ക് അംഗീകാരം നല്‍കാനോ അധികൃതര്‍ തയാറകുന്നില്ല. കൂടാതെ പ്രകൃതി കനിഞ്ഞരുളിയ വലിയപറമ്പില്‍ വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്നുണ്ടെങ്കിലും അവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും കെട്ടിടങ്ങളോ വിനോദ സഞ്ചാര ഹബ്ബുകളോ പണിയാനും അനുമതിയില്ല. ഇതാണ് സൈക്കിളില്‍ യാത്ര തിരിക്കാന്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ഇന്നലെ രാവിലെ പടന്നക്കടപ്പുറത്ത് നിന്നും സൈക്കിള്‍ യാത്രക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."