മെത്രാന്‍കായലില്‍ ഇനി 'ഉമ' വളരും
കോട്ടയം: നൂറു മേനി വിളവ് 120 ദിവസം കൊണ്ട് നല്‍കാനുളള തയ്യാറെടുപ്പോടെ മെത്രാന്‍ കായലില്‍ 'ഉമ' നെല്‍വിത്ത് വളരും. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പട്ടാമ്പി ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഡി1 ഇനത്തില്‍പ്പെട്ട ഉമ നെല്‍വിത്താണ് മെത്രാന്‍ കായല്‍ പാടശേഖരത്ത് നാളെ വിതയ്ക്കുക.
കാഞ്ചന, ജ്യോതി തുടങ്ങിയ വിത്തിനങ്ങള്‍ ലഭ്യമാണെങ്കിലും ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയും ഉല്‍പാദനക്ഷമതയുമുളള ഉമ നെല്‍വിത്ത് കൃഷി ചെയ്യാനാണ് മെത്രാന്‍ കായല്‍ പാടശേഖരത്തെ കര്‍ഷകര്‍ക്ക് താല്പര്യം. ഒരു ഹെക്ടറില്‍ നിന്ന് പത്ത് ടണ്ണിലധികം വിളവ് ഉമ നെല്‍വിത്തില്‍ നിന്ന് ആര്‍പ്പൂക്കരയിലെ കര്‍ഷകര്‍ക്ക് ലഭിച്ചതായി കൃഷി വകുപ്പിന്റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ബ്രൗണ്‍ നിറത്തിലുളള ഉമ അരിയുടെ ചോറിന് രുചി കൂടുതലാണെന്നതും മെത്രാന്‍ കായലിലേക്ക് ഉമ നെല്‍വിത്ത് തിരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ട്.
എട്ടു വര്‍ഷമായി തരിശ്ശു കിടക്കുന്ന 402 ഏക്കര്‍ പാടശേഖരത്തിലെ 25 ഏക്കറിലെ കൃഷിക്കാണ് ഇന്ന് വൈകിട്ട് നാലിന് കാര്‍ഷിക വികസനകര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ തുടക്കം കുറിക്കുന്നത്.
വെള്ളം പമ്പ് ചെയ്തും ബണ്ട് ബലപ്പെടുത്തിയും ഒരുക്കിയിട്ടുള്ള പാടശേഖരത്ത് വിതക്കുന്നതിന് ഒരു ഹെക്ടറിന് 100 കിലോ എന്ന കണക്കില്‍ ആയിരം കിലോ വിത്ത് കെട്ടി വച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കാവശ്യമായ തുടര്‍ സഹായത്തിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തരിശ്ശുനില കൃഷിക്കുള്ള ആനുകൂല്യവും 75 ശതമാനം സബ്‌സിഡി നിരക്കില്‍ കുമ്മായവും ലഭ്യമാക്കും.
കൃഷിയുടെ ഓരോ ഘട്ടത്തിലും കര്‍ഷകര്‍ക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നതിന് കുമരകം കൃഷി ഓഫിസര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ സഹായവും കര്‍ഷകര്‍ക്ക് ലഭിക്കും.
നെല്‍കൃഷിയും നെല്‍പ്പാടവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മെത്രാന്‍ കായല്‍ കരിയില്‍ പാലത്തിന് സമീപം ഇന്ന് നടക്കുന്ന നെല്‍കൃഷി പുനരരാംഭ ചടങ്ങില്‍ കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി പദ്ധതി വിശദികരിക്കും. ചടങ്ങില്‍ ജോസ് കെ.മാണി എം.പി വിശിഷ്ടാതിഥിയായിരിക്കും.
എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി. എഫ്. തോമസ്, പി. സി ജോര്‍ജ്ജ്, മോന്‍സ് ജോസഫ്, ഡോ.എന്‍ ജയരാജ്, സി.കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.
വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍ തുടങ്ങിയവര്‍ സംസാരിക്കും. കലക്ടര്‍ സി.എ ലത സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുമ ഫിലിപ്പ് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."