സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ദുരന്തം അനുഭവിക്കുന്നത് ജനങ്ങള്‍
ക്രയശേഷി കൊള്ളയടിക്കപ്പെട്ട ജനകോടികളുടെ രോഷം സര്‍ക്കാരിനെതിരേ തിരിഞ്ഞാല്‍ അങ്ങനെ സംഭവിച്ചുകൂടായ്കയില്ല. ഇന്നലെ മുംബൈ പനവേലില്‍ നിന്നും പുറത്തുവന്ന വാര്‍ത്തനല്‍കുന്ന സൂചന അതാണ് തെളിയിക്കുന്നത്. കള്ളപ്പണക്കാരെയും കള്ളനോട്ട് മാഫിയകളെയും ലക്ഷ്യംവച്ചെന്ന പേരില്‍ സര്‍ക്കാര്‍ തൊടുത്തുവിട്ട അമ്പ് ചെന്നു തറച്ചതു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന പാവപ്പെട്ടവരുടെ ചങ്കിലാണ്. അവരുടെ കഷ്ടനഷ്ടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ആശങ്കകള്‍ക്കും അറുതിയില്ല.
'ഡീമോണിറ്റൈസേഷന്‍' അഥവാ നോട്ട് അസാധുവാക്കല്‍ ഇന്ത്യയില്‍ ആദ്യമായിട്ടല്ല സംഭവിക്കുന്നത്. 1946 ലും 1978 ലും അത്തരം അനുഭവങ്ങളുണ്ട്. രണ്ടാംലോക യുദ്ധാനന്തര കെടുതികള്‍ക്കിടയിലെ കള്ളപ്പണം തടയാന്‍ നെഹ്‌റുവിന്റെ ഇടക്കാല ഗവണ്‍മെന്റ് 1946 ജനുവരി 12 ന് രാജേന്ദ്രപ്രസാദിന്റെ വിയോജനക്കുറിപ്പോടെ വൈസ്രോയിയുടെ കൈയൊപ്പിട്ടാണ് 1,000 രൂപ, 10,000 രൂപ കറന്‍സികള്‍ അസാധുവാക്കി പ്രഖ്യാപിച്ചത്. 1978 ല്‍ മൊറാര്‍ജി ദേശായി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയ ഹൈ ഡിനോമിനേഷന്‍ ബാങ്ക് നോട്ട് ആക്ടിലൂടെയാണ് 1,000 രൂപ, 5,000 രൂപ, 10,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്.
എന്നാല്‍, യാതൊരു സൂചനയും നല്‍കാതെയാണ് കഴിഞ്ഞ എട്ടിനു രാത്രി എട്ടുമണിക്കു പ്രധാനമന്ത്രി മോദി രാജ്യത്തെ നടുക്കിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയത്. മൂന്നു സൈനിക മേധാവികളെയും രാഷ്ട്രപതിയെയും സന്ദര്‍ശിച്ചശേഷം രാജ്യത്തെ അഭിസംബാധന ചെയ്ത പ്രധാനമന്ത്രി ഒരു യുദ്ധപ്രതീതി ജനിപ്പിച്ചു. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ യുദ്ധപ്രഖ്യാപനമാണ് അദ്ദേഹം നടത്തിയതെങ്കിലും അതിന്റെ ദുരിതമനുഭവിക്കേണ്ടിവന്നത് രാജ്യത്തെ പാവപ്പെട്ടവരാണ്. രാജ്യത്തു സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നുവെന്നതാണു വസ്തുത. അധ്വാനിച്ചുണ്ടാക്കിയ പണം ഭക്ഷണത്തിനും മരുന്നിനും സഞ്ചാരത്തിനും പോലും പ്രയോജനപ്പെടാതെ വന്നു. പൗരന്റെ മൗലികാവകാശത്തിനുമേലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമാണിത്. കള്ളന്മാരെയും നിരപരാധികളെയും ഒരേ വടികൊണ്ട് അടിക്കുന്നതില്‍ നീതീകരണമില്ല.
രാജ്യത്തിന്റെ സൂക്ഷ്മതയ്ക്കും സാമ്പത്തിക അച്ചടക്കത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടി എല്ലാ പൗരന്മാരും ത്യാഗമനുഭവിക്കണമെന്നു പറയുന്നതില്‍ ന്യായമുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ദുരന്തം ജനങ്ങള്‍ അടിമകളെപ്പോലെ ഏറ്റുവാങ്ങണമെന്നു പറയുന്നതു ജനാധിപത്യത്തിനു ചേര്‍ന്ന യുക്തിയല്ല. അതു ഫാസിസത്തിന്റെ ഭാഷയാണ്. വേണ്ടത്ര ഗൃഹപാഠവും മുന്നൊരുക്കങ്ങളും ദുരിതനിവാരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കള്ളപ്പണക്കാരുടെ ഉറക്കം നഷ്ടപ്പെടുമെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടെങ്കിലും ഉറക്കമില്ലായ്മയുടെ അസ്വസ്ഥത അനുഭവിക്കുന്നതു സര്‍ക്കാരും ജനങ്ങളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."