കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം: വി.എന്‍ വാസവന്‍
പാലാ : പരിസ്ഥിതി പ്രധാനവും ജനവാസ മേഖലയുമായ രാമപുരം കുറിഞ്ഞി കോട്ടമലയില്‍ പാറമട സ്ഥാപിക്കാനുള്ള നിര്‍മാണം നടക്കുന്ന സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചെയര്‍പേഴ്‌സണായ കലക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ആവശ്യപ്പെട്ടു.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നടപടികള്‍ ആരംഭിക്കാന്‍ എല്‍.ഡി.എഫ് നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തുമെന്നും വാസവന്‍ പറഞ്ഞു. പാറമട സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായി തുടരുന്ന കോട്ടമലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സമരസമിതി നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളുമായി സംസാരിക്കവെയാണു വാസവന്‍ ഇക്കാര്യം അറിയിച്ചത്.
കോട്ടമല പാറമടക്കെതിരെ ഹരിത ട്രിബ്യുണലില്‍ നിലവിലുള്ള ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പാറമട കമ്പനി അധികൃതര്‍ തയ്യാറാകണമെന്നും വാസവന്‍ അഭ്യര്‍ഥിച്ചു. ഈ ആവശ്യം ഉന്നയിച്ച് എല്‍.ഡി.എഫ് നേതാക്കള്‍ കമ്പനി അധികൃതരെ നേരില്‍ കണ്ട് അടുത്ത ദിവസം ചര്‍ച്ച നടത്തും.
കോട്ടമല സന്ദര്‍ശിക്കാന്‍ എത്തിയ വാസവനെയും എല്‍.ഡി.എഫ് നേതാക്കളെയും കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലൂക്കുന്നേലും സമരസമതി നേതാക്കളായ ജയപ്രകാശ് ഇലഞ്ഞിപ്പാറ, സോണി കമ്പകത്തുങ്കല്‍, ഷാജി പൊരുന്നിക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജീനസ്‌നാഥ്, മിനി ശശി, എ.എന്‍ സുരേന്ദ്രന്‍ എന്നിവരും പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ഗ്രാമീണര്‍ എത്തിയിരുന്നു. എല്‍.ഡി.എഫ് നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, വി.ജി വിജയകുമാര്‍, കെ.എസ് രാജു, പയസ് രാമപുരം, എം.ആര്‍ രാജു, എം.ടി ജാന്റീഷ്, തങ്കച്ചന്‍ അഗസ്റ്റിയന്‍ എന്നിവരും ജില്ലാ സെക്രട്ടറിയ്‌ക്കൊപ്പം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."