മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനം വരുന്നു
മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം വരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ മുഴുവന്‍ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കാന്‍ ഗതാഗത വകുപ്പ് നടപടി തുടങ്ങി. വാഹനങ്ങളുടെ യാത്രാ വിവരങ്ങള്‍ ഗതാഗത കമ്മിഷണറുടെ ഓഫിസില്‍ ലഭിക്കുന്ന തരത്തിലാണ് സംവിധാനമൊരുക്കുന്നത്.
വാഹനങ്ങളുടെ ദുരുപയോഗം തടയാനും ഏതെല്ലാം ഭാഗങ്ങളിലാണ് വാഹനങ്ങള്‍ സേവനത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കാനും സംവിധാനത്തിനാകും.
ഇതിനായി ഗതാഗത കമ്മിഷണറുടെ ഒഫീസില്‍ പ്രത്യേക സംവിധാനം പ്രവര്‍ത്തിക്കും. മോട്ടോര്‍ വാഹന വകുപ്പിന് 150ഓളം വാഹനങ്ങളാണുള്ളത്. ഇവയിലെല്ലാം ജി.പി.എസ് ഘടിപ്പിക്കുന്ന നടപടി തുടങ്ങി. മലപ്പുറം ജില്ലയില്‍ ആകെയുള്ള 9 വാഹനങ്ങളിലും ജി.പി.എസ് സംവിധാനം ഘടിപ്പിച്ചുവരികയാണെന്നു റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.എം ഷാജി പറഞ്ഞു.
എന്നാല്‍ ഈ സംവിധാനം വഴി ജില്ലാ ആര്‍.ടി ഓഫിസുകളില്‍ വിവരങ്ങള്‍ ലഭിക്കില്ല. വകുപ്പ് വാഹനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സാഹചര്യം എന്താണെന്ന് വ്യക്തമാക്കാന്‍ അധികൃത തയാറായിട്ടില്ല. അതേസമയം, സംസ്ഥാനത്ത് സ്വകാര്യബസുകളില്‍ ജി.പി.എസ് സംവിധാനം സ്ഥാപിക്കാനുള്ള നടപടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ജി.പി.എസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ട്രാക്കിങ് യൂനിറ്റുകളാണ് ബസുകളില്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തിരുന്നത്. വാഹനങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയുക, വേഗം നിയന്ത്രിക്കുക, വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി.
ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആര്‍.ടി ഓഫിസുകളിലും ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും ബസുകളില്‍ സംവിധാനം ഘടിപ്പിക്കുന്ന നടപടിയാണ് എങ്ങുമെത്താത്തത്. ജില്ലാതലത്തില്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചുകഴിഞ്ഞു. ബസുകളുടെ റൂട്ട് നിരീക്ഷിക്കുന്ന ഡിസ്‌പ്ലേ സ്‌ക്രീനുകളും അനുബന്ധ കംപ്യൂട്ടര്‍ സംവിധാനങ്ങളും ആര്‍.ടി ഓഫിസില്‍ സജ്ജമായിക്കഴിഞ്ഞു. ഇതിനുമാത്രമായി ഒന്നരക്കോടി രൂപയാണ് സര്‍ക്കാറിന് ചെലവ് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."