ദര്‍ശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ഇന്നു മുതല്‍
കോട്ടയം: അക്ഷര നഗരിയ്ക്ക് മിഴിവേകി 33-ാമത് ദര്‍ശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ഇന്നു മുതല്‍.
ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ മേളയുടെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യ നിരൂപകന്‍ എം.കെ സാനു മുഖ്യാതിഥിയാകും. പുസ്തകമേളയുടെ ഡയറക്ടറി കലക്ടര്‍ സി.എ ലത പ്രകാശനം ചെയ്യും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോനയാണ് ദര്‍ശനവാണിയുടെ പ്രകാശന കര്‍മം നിര്‍വഹിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കോട്ടയം പ്രൊവിന്‍ഷ്യല്‍ ഡോ. ജോര്‍ജ്ജ് ഇടയാടിയില്‍ സി.എം.ഐ അനുഗ്രഹ പ്രഭാഷണം നടത്തും. ദര്‍ശന ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍ സി.എം.ഐ സ്വാഗതവും ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ ആമുഖ പ്രഭാഷണവും തേക്കിന്‍കാട് ജോസഫ് കൃതജ്ഞതയും പറയും.
ദര്‍ശന കലാസന്ധ്യ ഉദ്ഘാടനം ഒപ്പം ഫിലിം ഫെയിം കുമാരി മീനാക്ഷി നിര്‍വഹിക്കും. യോഗത്തില്‍ അഡ്വ. കെ അനില്‍കുമാര്‍ എഴുതിയ പരിസ്ഥിതി ശാസ്ത്രം പഠനവും പ്രയോഗവും എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുന്നതാണ്.
നാളെ രാവിലെ 10ന് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികളുടെ പ്രസംഗമത്സരം, പുസ്തക ക്വിസ്. 11ന് ശാസ്ത്ര മേള പ്രദര്‍ശന ഉദ്ഘാടനം. ഉച്ചകഴിഞ്ഞ് രണ്ടിനു പുസ്തക ചര്‍ച്ച. നാലിന് എന്റെ എഴുത്തും വായനയും എന്ന പരിപാടിയില്‍ കെ.ബി പ്രസന്നകുമാറിന്റെ ഹിമവഴിയിലെ ബുദ്ധ സഞ്ചാരങ്ങള്‍ എന്ന പുസ്തകം ഗ്രന്ഥകര്‍ത്താവ് തന്നെ അവതരിപ്പിക്കും. ഡോ. ബിന്‍സ് എം. മാത്യു മോഡറേറ്ററായിരിക്കും. അഞ്ചിനു സാംസ്‌കാരിക സമ്മേളനം കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. പോള്‍ മണലില്‍ അധ്യക്ഷ വഹിക്കും. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. തോമസ് കുരുവിള, പ്രൊഫ. രാജീവ് മേനോന്‍ എന്നിവര്‍ പങ്കെടുക്കും. 6.30ന് കലാദര്‍ശന അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."