പണപ്രതിസന്ധി; ദുരിതങ്ങളില്‍ നിന്നു കരകയറാനാകാതെ ജനം
ചെറുവത്തൂര്‍: ആയിരം, അഞ്ഞൂറ് രൂപ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നു കരകയറാനാകാതെ ജനം. ബാങ്കുകള്‍ക്കു മുന്നിലും എ.ടി.എമ്മുകള്‍ക്കു മുന്നിലും ഇന്നലെയും നീണ്ട ക്യൂവായിരുന്നു. അതേസമയം ആഘോഷങ്ങളെയും ഉത്സവങ്ങളെയും സ്‌കൂള്‍ കലോത്സവങ്ങളെയും സാമ്പത്തിക പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു തുടങ്ങി. ജനങ്ങളെ വലച്ചു കൊണ്ടുള്ള നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തിനെതിരേ ഇന്നലെയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്നധര്‍ണ സംഘടിപ്പിച്ചു
ചെറുവത്തൂര്‍ ഫെസ്റ്റ്
മാറ്റിവച്ചു
ചെറുവത്തൂരില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചെറുവത്തൂര്‍ ഫെസ്റ്റ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു മാറ്റിവെച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു തുക കണ്ടെത്തുന്നതിനായി ഡിസംബര്‍ 22 മുതല്‍ ഫെസ്റ്റ് നടത്താനായിരുന്നു തീരുമാനം. ഫെസ്റ്റുമായി ബന്ധപ്പെട്ടു സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം വരെ നടന്നിരുന്നു.
ഇതിനിടയിലാണ് നോട്ടു പിന്‍വലിച്ചു കൊണ്ടുള്ള തീരുമാനം വന്നത്. മുന്നൊരുക്കങ്ങള്‍ക്കു വേണ്ടത്ര പണം കൈയിലില്ലാതെ വന്നപ്പോള്‍ ഫെസ്റ്റ് മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ മാസം ആദ്യം ഫെസ്റ്റു സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണു സംഘാടകര്‍
എ.ടി.എമ്മുകളിലെ
പണമിടപാടിനും
സ്വകാര്യതയില്ല
പണം പിന്‍വലിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എ.ടി.എമ്മുകളില്‍ കയറുന്നത് ഇടപാടുകളിലെ സ്വകാര്യത ഇല്ലാതാക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അഞ്ചും പത്തും ആളുകള്‍ക്കിടയില്‍ നിന്നു പണമെടുക്കേണ്ട സാഹചര്യമാണ് മിക്കയിടങ്ങളിലും നിലനില്‍ക്കുന്നത്.
പിന്‍നമ്പര്‍ ആരെങ്കിലും ചോര്‍ത്തുമോ എന്നതാണ് ആശങ്ക. എ.ടി.എമ്മുകളില്‍ പണമെത്തി എന്ന വിവരം ലഭിച്ചാല്‍ ആളുകള്‍ കൂട്ടത്തോടെ എത്തും. നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ ക്യൂ സമ്പ്രദായമൊന്നും മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. അടുത്തിടെ എ.ടി.എം രഹസ്യ നമ്പര്‍ സ്വന്തമാക്കിയുള്ള തട്ടിപ്പുകള്‍ നടന്ന സാഹചര്യത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
മറ്റാരെങ്കിലും എ.ടി. എമ്മിനകത്തു നില്‍ക്കുന്ന അവസരത്തില്‍ അതു ഉപയോഗിക്കാതിരിക്കുക, മറ്റാരും കാണാതെ യന്ത്രത്തില്‍ പിന്‍ നമ്പര്‍ രേഖപ്പെടുത്തുക, എ.ടി. എം പ്രവര്‍ത്തിപ്പിക്കാന്‍ അജ്ഞാതരുടെ സഹായം തേടാതിരിക്കുക, എ.ടി.എമ്മില്‍ നിന്നു പണമെടുക്കാന്‍ മറ്റൊരാളെ അയക്കാതിരിക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. എന്നാല്‍ ഇതൊന്നും തിരക്കിനിടയില്‍ പാലിക്കാന്‍ സാധിക്കുന്നില്ല.
എ.ടി.എമ്മുകളില്‍ നിന്നു പിന്‍വലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണങ്ങള്‍ ഉണ്ട്. അതിനാല്‍ ഇപ്പോള്‍ തട്ടിപ്പു നടക്കുന്നില്ലെങ്കിലും നിയന്ത്രണങ്ങള്‍ നീങ്ങിയാല്‍ പിന്‍നമ്പര്‍ മാറ്റാത്തവര്‍ തട്ടിപ്പിന് ഇരയാകേണ്ടി വരുമോ എന്നതാണ് ആശങ്ക.
കലോത്സവ നടത്തിപ്പിലും
പ്രതിസന്ധി
കാലിക്കടവ്: ആയിരം, അഞ്ഞൂറു രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടി സ്‌കൂള്‍ കലോത്സവ നടത്തിപ്പിനെയും പ്രതികൂലമായി ബാധിക്കുന്നു. ജില്ലയില്‍ മിക്ക ഉപജില്ലകളിലും കലോത്സവങ്ങള്‍ക്ക് അരങ്ങൊരുങ്ങി കഴിഞ്ഞു. കുട്ടികളില്‍ നിന്നു പണം പിരിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പൊതുജനങ്ങളില്‍ നിന്നു പിരിവെടുത്താണു കലോത്സവങ്ങള്‍ നടക്കുന്നത്. എന്നാല്‍ പിരിവിനായി വീടുകളില്‍ എത്തുമ്പോള്‍ ജനങ്ങള്‍ കൈമലര്‍ത്തുകയാണ്.
ചിലര്‍ പഴയ നോട്ടുകള്‍ നല്‍കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്‌കൂളുകള്‍ രജിസ്‌ട്രേഷന്‍ ഇനത്തില്‍ കലോത്സവ നടത്തിപ്പിനായി നിശ്ചിത തുക നല്‍കേണ്ടതുണ്ട്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുക പ്രയാസമായതിനാല്‍ ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തില്‍ പഴയനോട്ടുകള്‍ സ്വീകരിക്കില്ലെന്ന നിര്‍ദേശം നല്‍കി. ലക്ഷങ്ങള്‍ ചെലവു വരുന്ന കലോത്സവം ഏറ്റെടുത്തു കടക്കെണിയിലാകുമോ എന്ന ആശങ്കയിലാണു കലോത്സവം ഏറ്റെടുത്ത വിദ്യാലയങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."