കലക്ടറേറ്റ് ജീവനക്കാര്‍ക്ക് മന്തുരോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു
പാലക്കാട്: ജില്ലയെ മന്ത് രോഗമുക്തമാക്കുന്നതിന് ജില്ലാ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടറേറ്റ് അങ്കണത്തില്‍ ഡി.ഇ.സി, ആല്‍ബെന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി കലക്ടറേറ്റ് ജീവനക്കാര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
കലക്ടറേറ്റ് കവാടത്തില്‍ സൗജന്യ ഗുളിക വിതരണത്തിനായി ആരോഗ്യവകുപ്പ് ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് മുതല്‍ അഞ്ചു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഡി.ഇ.സി, ആല്‍ബെണ്‍ഡസോള്‍ ഗുളികള്‍ ഓരോന്നു വീതവും ആറ് മുതല്‍ 14 വയസ് പ്രായമുള്ളവര്‍ രണ്ട് ഡി.ഇ.സി ഗുളികയും ഒരു ആല്‍ബെന്‍ഡസോള്‍ ഗുളികയും നല്‍കണം. മുതിര്‍ന്നവര്‍ മൂന്ന് ഡി.ഇ.സി ഗുളികയും ഒരു ആല്‍ബെന്‍ഡസോള്‍ ഗുളികയുമാണ് കഴിക്കേണ്ടത്. ഭക്ഷണ ശേഷമാണ് ഗുളികകള്‍ കഴിക്കേണ്ടത്.
ഗര്‍ഭിണികളും, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവരും ഗുളികകള്‍ കഴിക്കേണ്ടതില്ല. ഗുളിക കഴിച്ച് പനിവന്നാല്‍ അതിനര്‍ത്ഥം രക്തത്തിലെ മൈക്രോഫൈലേറിയ കൂട്ടത്തോടെ നശിച്ചു എന്നതാണ്, ഇത് നല്ല ലക്ഷണമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത അറിയിച്ചു.
ഗുളികകള്‍ കഴിക്കുന്നത് മന്ത് രോഗ പ്രതിരോധത്തിനാണെന്നും രോഗം ബാധിച്ചു കഴിഞ്ഞാല്‍ ഗുളിക കഴിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ഡെപ്യുട്ടി ഡി.എം.ഒമാരായ ഡോ. കെ.എ. നാസര്‍, ഡോ. ടി.കെ അനൂപ്, ഡോ. സെല്‍വരാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."