കുറിഞ്ഞി കോട്ടമല പാറമട: വിജിലന്‍സില്‍ പരാതി നല്‍കും
പാലാ: കോട്ടമലയില്‍ പാറഖനനത്തിന് അനുകൂലമായി നടപടികള്‍ സ്വീകരിച്ചുവെന്നാരോപിച്ച് റവന്യൂ, പഞ്ചായത്ത്്്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പരിസ്ഥിതി വകുപ്പ്് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേ വിജിലന്‍സില്‍ പരാതി നല്‍കും. കോട്ടമലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന മുന്‍ കലക്ടറുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് റോഡു നിര്‍മാണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കലക്ടര്‍ നിയോഗിച്ച പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം റവന്യൂ ഉദ്യോഗസ്ഥര്‍ നിരാകരിക്കുകയായിരുന്നു. നിര്‍ദിഷ്ട പാറമടയിലേയ്ക്ക് റോഡ് നിലവിലുണ്ടന്ന റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും പ്ലാനും തെറ്റായിരുന്നു.
നിര്‍മാണ സ്ഥലത്തേയ്ക്ക് റോഡ് നിര്‍മാണം ലൈസന്‍സ് നല്‍കുമ്പോള്‍ നടത്തിയിരുന്നില്ല. ലൈസന്‍സ് ലഭിച്ചു കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷമാണ് പാറമട ലോബി റോഡ് നിര്‍മാണം നടത്തുവാന്‍ ശ്രമിച്ചത്. അതും ഹൈക്കോടതി നിര്‍ദേശപ്രകാരംപൊലിസ് സംരക്ഷണയിലാണ്. ലൈസന്‍സ് റദ്ദാക്കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടും സംഭവത്തിലിടപെടുവാന്‍ റവന്യൂ അധികൃതര്‍ തയാറായില്ല. കോട്ടമലയില്‍ ഭൂമിയുടെ ചെരുവ് 65 ഡിഗ്രിയിലേറെയാണ്. 45 ഡിഗ്രി ചെരിവുള്ളിടത്ത് ഖനനം അനുവദിക്കരുതെന്നാണ് നിയമം.
എന്നാല്‍ ഇത്തരം വസ്തുതകള്‍ പരിഗണിക്കാതെയാണ് വിവിധ വകുപ്പുകള്‍ അനുമതി നല്‍കിയത്. ഇതെല്ലാം പാറമട ലോബിക്കു ഗുണകരമായി മാറുകയായിരുന്നു. സംഭവത്തിലെ അഴിമതി വെളിച്ചത്തു കൊണ്ടുവരുവാന്‍ നിയമ നടപടി സ്വീകരിക്കുവാന്‍ സമരസമിതി തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി പാറമടയ്ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തിലെ അഴിമതി അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിനു പരാതി നല്‍കുമെന്ന് പഞ്ചായത്ത് ആക്ടിംങ് പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു. പാറമട വിഷയം ചര്‍ച്ചചെയ്യുവാന്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു സര്‍വകക്ഷിയോഗം കുറിഞ്ഞി പള്ളി ഹാളില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച പഞ്ചായത്ത് കമ്മിറ്റിയും ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. അതേസമയം തിങ്കളാഴ്ച നടക്കുന്ന പഞ്ചായത്ത് കമ്മിറ്റി യോഗം അജണ്ട നിശ്ചയിച്ചിരിക്കുന്നത്് ലൈസന്‍സ് റദ്ദാക്കിയ പ്രസിഡന്റിന്റെ നടപടി സംബന്ധിച്ചാണ്. കോട്ടമല പാറമട എന്ന വിഷയത്തില്‍ അജണ്ട നിശ്ചയിച്ചിരുന്നങ്കില്‍ മാത്രമേ മുന്‍ സെക്രട്ടറിക്കെതിരായുള്ള നടപടികളുള്‍പ്പടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ സാധിക്കുകയുള്ളുവെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍മാരുടെ സ്വാധീനത്തിലാണ് ഇത്തരത്തില്‍ അജണ്ട നിശ്ചയിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു.
അതേസമയം പൊലിസ് സംരക്ഷണയില്‍ റോഡ് നിര്‍മാണം നടത്തുവാനുള്ള നീക്കം പാറമട ലോബി വ്യാഴാഴ്ച നിര്‍ത്തിവച്ചു. നിര്‍മാണം തടയുവാന്‍ സി.പി.എം പ്രവര്‍ത്തകര്‍ കോട്ടമലയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."