ഇന്ന് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ 71 ാം ചരമവാര്‍ഷികം മതേതരത്വത്തിന്റെ മാതൃകാപുരുഷന്‍
ചരിത്രത്തെ തമസ്‌കരിക്കാനും പുനര്‍നിര്‍മിക്കാനും ആരൊക്കെ, എങ്ങനെയൊക്കെ ശ്രമിച്ചാലും മായ്ക്കാനാവാത്ത പേരാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റേത്. മലബാറിന്റെ മണ്ണില്‍ സങ്കുചിതചിന്തകള്‍ക്കപ്പുറം നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രംഗത്തിറങ്ങുകയും ജനങ്ങളെ അതിനുവേണ്ടി പ്രചോദിപ്പിക്കുകയും ചെയ്ത വ്യക്തിത്വമാണത്. മുസ്‌ലിംകളെ ദേശവിരുദ്ധരെന്നു മുദ്രകുത്താന്‍ ഒരുവിഭാഗം ഇന്നു ശ്രമിക്കുമ്പോള്‍ ഈ നാടിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അബ്ദുറഹ്മാന്‍ സാഹിബിന്റെ നാമം മാത്രം മതി ഈ ഗീബല്‍സിയന്‍ തന്ത്രത്തിന്റെ നാവറുക്കാന്‍.
മതേതരത്വമെന്നത് കേവലമൊരു പദപ്രയോഗമല്ലെന്നും അതൊരു തപസ്യയാണെന്നും പ്രവൃത്തിയിലൂടെ തെളിയിച്ച അബ്ദുറഹ്മാന്‍ സാഹിബിന്റെ ത്യാഗോജ്വല സ്മരണകള്‍ ഓര്‍ക്കുകയും ചര്‍ച്ചചെയ്യപ്പെടേണ്ടതും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മതസ്പര്‍ധയുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ ലക്ഷ്യം വിജയിക്കാതിരിക്കണമെങ്കില്‍ ഇത്തരം മഹാന്മാരുടെ ജീവിതത്തിലെ അസുലഭവും വിസ്മയകരവുമായ അനുഭവങ്ങള്‍ നാം ഹൃദിസ്ഥമാക്കേണ്ടതുണ്ട്.
വ്യത്യസ്ത മതസമൂഹങ്ങളുടെ ആരാധനാകേന്ദ്രമെന്ന നിലയില്‍ കേരളത്തിന്റെ സാമൂഹികചരിത്രത്തില്‍ സവിശേഷസ്ഥാനമുള്ള കൊടുങ്ങല്ലൂരിന്റെ മണ്ണിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരരംഗത്തിലെ മലബാറിന്റെ സിംഹഗര്‍ജനമായി മുഹമ്മദ് അബ്ദുറഹ്മാന്‍ പിറവിയെടുത്തത്. അന്നത്തെ കാലത്ത് വിദ്യാഭ്യാസം ലഭിച്ച ഏതൊരു യുവാവിന്റെയും സ്വപ്നമായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വീസ്. അബ്ദുറഹ്മാന്‍ സാഹിബും ആ ലക്ഷ്യത്തോടെയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്ത കലാലയമായ പ്രസിഡന്‍സി കോളജില്‍ ഓണേഴ്‌സ് കോഴ്‌സിനു ചേര്‍ന്നത്.
എന്നാല്‍, ചരിത്രനിയോഗം ദേശീയപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് എത്തിപ്പെടുകയെന്നതായിരുന്നു. അതിനുവഴിയൊരുക്കിയത് കൂട്ടുകാരനായ കെ. മുഹമ്മദ്. സുഹൃത്തില്‍നിന്നു സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെക്കുറിച്ചും അറിയാനായി. സ്വാതന്ത്ര്യസമരത്തിന്റെ വീര്യമൂറുന്ന പത്രവാര്‍ത്തകള്‍ മുഹമ്മദ് അബ്ദുറഹ്മാന്റെ മനസ്സിനെ സ്വാധീനിച്ചു. 'ഖിലാഫത്ത് ആന്റ് ജസീറത്തുല്‍ അറബ് 'എന്ന മൗലാനാ അബുല്‍ കലാം ആസാദ് എഴുതിയ പുസ്തകം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു.
1920 നവംബറില്‍ കോളജ് പ്രിന്‍സിപ്പലിന് പഠനം നിര്‍ത്തുന്നതായി കത്തുനല്‍കി ദേശീയപ്രസ്ഥാനത്തിന്റെ പോരാളിയായി കര്‍മരംഗത്തിറങ്ങി. ഉറ്റവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. 1920 ഡിസംബറില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുത്ത് കെ. മാധവന്‍നായരുമായി ചേര്‍ന്നു നേതൃത്വത്തിന് ഒരു നിവേദനം സമര്‍പ്പിച്ചു. മലയാളനാടിന് ഒരു സംസ്ഥാനപദവി കോണ്‍ഗ്രസ് ഭരണഘടനയില്‍ അനുവദിക്കപ്പെട്ടതും അതിനായി അന്നത്തെ ഇരുപത്തിമൂന്നുകാരന്‍ നടത്തിയ കാമ്പുള്ള പ്രസംഗം കോണ്‍ഗ്രസ് സമ്മേളനം അദ്ഭുതത്തോടെ കാതോര്‍ത്തതും ചരിത്രം.
1921. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണപ്രസ്ഥാനവും കേരളജനതയുടെ ആവേശമായി മാറിയ കാലം. ദേശീയപ്രസ്ഥാനത്തിലേക്കു ചെറുകിട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഒഴുകിയെത്തി. ആ കാലത്തു മലബാറിലെ കുടിയാന്മാരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. ടിപ്പുവിന്റെ തോല്‍വിയില്‍ ഊറ്റംകൊണ്ടു നില്‍ക്കുകയായിരുന്നു ജന്മിമാര്‍. വെള്ളക്കാരുടെ ഒത്താശയില്‍ ഭൂമിയെല്ലാം അവര്‍ സ്വന്തമാക്കി.
കുടിയാന്മാര്‍ക്കു ദുരിതജീവിതമായി. ഇതോടെ മലബാറില്‍ കാര്‍ഷികകലാപത്തിനു തിരികൊളുത്തപ്പെട്ടു. ജന്മിമാര്‍ക്കും ബ്രിട്ടിഷ് സര്‍ക്കാരിനുമെതിരേ ജനരോഷം ആളിക്കത്തി. ഖിലാഫത്തിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കപ്പെട്ടു. ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചുചേര്‍ന്നു പ്രക്ഷോഭം നയിച്ചു. ഖിലാഫത്ത് പ്രസ്ഥാനക്കാരെ പിടികൂടി പ്രക്ഷോഭം ചോരയില്‍മുക്കി തകര്‍ക്കാന്‍ ബ്രിട്ടിഷുകാര്‍ ശ്രമം ആരംഭിച്ചു. വെള്ളക്കാര്‍ക്കെതിരേ ജിഹാദിന് അലി മുസ്‌ലിയാര്‍ ആഹ്വാനം നല്‍കിയ സമയം. തിരൂരങ്ങാടിയിലും പൂക്കോട്ടൂരിലും ജനം കോപാഗ്നിയില്‍ ജ്വലിച്ചുനില്‍ക്കുകയാണ്. പ്രക്ഷോഭകരെ കൊന്നുതള്ളാനുള്ള തയാറെടുപ്പിലാണ് ബ്രിട്ടിഷ് ഭരണാധികാരികള്‍. അന്നു കേരള സംസ്ഥാന ഖിലാഫത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു അബ്ദുറഹിമാന്‍ സാഹിബ്. ഈയവസ്ഥയില്‍ കലാപം തുടര്‍ന്നാല്‍ മരണസംഖ്യ ഉയരുമെന്നു മനസ്സിലാക്കിയ അബ്ദുറഹ്മാന്‍ സാഹിബ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. പട്ടാളവുമായി നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നു തെക്കേ മലബാറിലെ മുസ്‌ലിംകളുടെ ബഹുമാന്യപുരുഷനായ അലി മുസ്‌ലിയാര്‍ക്കു സന്ദേശമയച്ചു.
അതുംപോരാഞ്ഞ് പ്രക്ഷോഭകര്‍ക്ക് അടുത്തേക്കു കുതിച്ചു. സായുധരായ ജനക്കൂട്ടത്തിനിടയിലേക്ക് ആജാനുബാഹുവായ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിച്ചെന്നു. കാളവണ്ടിയുടെ മുകളില്‍ക്കയറി വികാരഭരിതമായ വാക്കുകളില്‍ ജനങ്ങളോടു സംസാരിച്ചു. സാഹിബിന്റെ സ്‌നേഹാര്‍ദ്രമായ വാക്കുകള്‍ ജനക്കൂട്ടത്തിനു സാന്ത്വനസ്പര്‍ശമായി. അവരുടെ ഹൃദയത്തില്‍ ആ ശബ്ദം ആഴത്തിലിറങ്ങി. അനുസരിക്കാനും ആവേശം കൊള്ളിക്കാനും സാഹിബിന്റെ വാക്കുകള്‍ക്കു ശക്തിയുണ്ടെന്നു കാലം തെളിയിച്ചു.
ഹിന്ദു-മുസ്‌ലിം ഐക്യം ഊട്ടിയുറപ്പിക്കാനും ബ്രിട്ടിഷ് ഭരണാധികാരികള്‍ക്കെതിരേ ശക്തമായി മുന്നോട്ടുനീങ്ങാനും സാഹിബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞു. പോരാട്ടഭൂമിയിലുണ്ടായ നിഷ്‌കരുണസംഭവങ്ങള്‍ സാഹിബിന്റെ കരളുരുക്കി. ഭുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കാത്ത ബ്രിട്ടിഷ് ഭരണകൂട നടപടിക്കെതിരേ ദുരിതക്കാഴ്ചയുടെ യഥാര്‍ഥ അവസ്ഥയുടെ അക്ഷരരൂപം പത്രങ്ങളിലേക്കു സാഹിബ് അയച്ചുകൊടുത്തു. ഈ വാര്‍ത്ത കത്തിക്കയറി പൂനയിലെ 'ജംഇയ്യത്ത് ദഅവ്‌ത്തെ തബ്‌ലീഗ്' സഹായഹസ്തവുമായി മുന്നിട്ടിറങ്ങി.
1921 ഒക്‌ടോബര്‍ 21ന് സാഹിബിനെ അറസ്റ്റുചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ആലിപുരം ജയിലില്‍ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരേ നിരാഹാര സമരം. സഹതടവുകാര്‍ ആത്മധൈര്യത്തോടെ അബ്ദുറഹിമാന്‍ സാഹിബ് എന്ന കേരള കേസരിയുടെ പിന്നില്‍ അണി നിരന്നു. ജയിലധികൃതര്‍ സാഹിബുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. അവിടെ നിന്നു മദ്രാസ് സെന്‍ട്രല്‍ ജയിലിലേക്ക്. മതനിയമത്തിനനുസരിച്ചു നമസ്‌കാരം നിര്‍വഹിക്കാന്‍ വസ്ത്രം അനുവദിക്കുന്നതിനുവേണ്ടി അവിടെയും സമരം.
1923 ആഗ്‌സ്റ്റ് ഒന്‍പതിനു സാഹിബ് ജയില്‍മോചിതനായി. അന്നു തന്നെ സമരബാധിത പ്രദേശങ്ങളിലേക്കു യാത്ര തിരിച്ചു. മലബാറിലെ പ്രശ്‌നങ്ങള്‍ ഗാന്ധിജിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. 'യങ് ഇന്ത്യയിലും', 'നവജീവനിലും' ഗാന്ധിജിയുടെ സഹായാഭ്യര്‍ഥന വന്നതിന്റെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസ നിധിയിലേക്കു സഹായമൊഴുകിയെത്തി. ഒരു നേതാവ് എങ്ങനെയാണു കര്‍മനിരതനായി പ്രവര്‍ത്തിക്കേണ്ടതെന്നു സാഹിബിന്റെ ഈ പ്രവര്‍ത്തനം തെളിയിക്കുന്നു.
മുസ്‌ലിം സമുദായത്തെ പുരോഗതിയിലേക്കു നയിക്കുകയും ദേശീയ പ്രസ്ഥാനത്തോടു കണ്ണിചേര്‍ക്കുകയും ചെയ്യുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് അല്‍ അമീന്‍ എന്ന പത്രം ആരംഭിച്ചത്. ഒട്ടേറെ ത്യാഗപൂര്‍ണമായ പരിശ്രമങ്ങള്‍കൊണ്ട് പ്രതിബന്ധങ്ങള്‍ സഹിച്ച് 'അല്‍ അമീന്‍' പടവാളായി മാറി. ആദര്‍ശപത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികത സാഹിബ് വെളിവാക്കി.
മലബാര്‍ കലാപത്തില്‍ ഏര്‍പെട്ട മുസ്‌ലിംകളെ നാടുകടത്താന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'ആന്തമാന്‍ പദ്ധതി' പരാജയപ്പെടുത്താനും 'മാപ്പിള ഒബ്‌റേജസ് ആക്ടി'നെതിരേ നടത്തിയ ധീരോധാത്തമായ പോരാട്ടങ്ങളും വൈക്കം സത്യഗ്രഹസമരഭൂവില്‍ നടത്തിയ പോരാട്ടങ്ങളും സാഹിബിന്റെ ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ സ്പന്ദിക്കുന്ന ചരിത്രസത്യങ്ങളാണ്. ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബിന്റെ സ്മരണ മതേതര കേരളത്തിന് ഉണര്‍ത്തുപാട്ടാണ്. കിടയറ്റ സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതാവ്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലയിലുള്ള സാഹിബിന്റെ ജീവിതം വര്‍ത്തമാനകാല സാമൂഹ്യ-രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കു പ്രാവര്‍ത്തികമാക്കേണ്ട പാഠശാലയാണ്. ഇന്നു രാജ്യത്തിലെ ഭരണകൂടംതന്നെ ജനങ്ങളെ ഹിന്ദുവെന്നും മുസല്‍മാനെന്നും വേര്‍തിരിച്ചു രാഷ്ട്രീയലാഭം കൊയ്യുമ്പോള്‍ തകരുന്നതു ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെപ്പോലുള്ളവര്‍ സ്വപ്നം കണ്ട സ്വതന്ത്ര ഇന്ത്യയാണ്.
(കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."