കനോലി കനാലില്‍ കടത്ത് തോണി മറിഞ്ഞ് നാലു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
പൊന്നാനി: പൊന്നാനി കനോലി കനാലില്‍ കടത്ത് തോണി മറിഞ്ഞ് നാലു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. നടപ്പാലം തകര്‍ന്നതോടെ ഇരു കരയിലുള്ളവരും ആശ്രയിച്ചിരുന്നതു കടത്ത് തോണിയെയാണ്. ഇതാണ് ഇന്നലെ അപകടത്തില്‍പെട്ടത്.
പൊന്നാനി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ റിഷ, റിന്‍സി, എ.വി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യര്‍ഥി ഗ്രീഷ്മ, പൊന്നാനി എം.ഐ ബോയ്‌സ് ഹൈസ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി സനു എന്നിവര്‍ക്കാണ് പരുക്കേറ്റത്. കടവനാട് ഭാഗത്തുനിന്നും തോണി മാര്‍ഗം സ്‌കൂളിലേക്ക് പോകുകയായിരുന്നു ഇവര്‍. വേലിയേറ്റ സമയമായതിനാല്‍ കനാലില്‍ വെള്ളം ഉയര്‍ന്നു വള്ളം ആടിയുലഞ്ഞതാണ് അപകടത്തിനു കാരണം. കരയിലുണ്ടായിരുന്നവരാണ് മുങ്ങിത്താഴുന്ന തോണിക്കാരനെയും വിദ്യാര്‍ഥികളെയും രക്ഷിച്ചത്.
ഈ ഭാഗത്തുള്ള നടപ്പാലം ആഴ്ചകള്‍ക്കു മുന്‍പ് തകര്‍ന്നിരുന്നു. അന്ന് അപകടത്തില്‍ ഒന്‍പതു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാലം തകര്‍ന്നു കടത്ത് തോണി സര്‍വിസ് ആരംഭിച്ചതോടെ ഇതു മൂന്നാം തവണയാണ് തോണി അപകടത്തില്‍പെടുന്നത്.
പാലം ഉടന്‍ പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊന്നാനി പള്ളിപ്പടിയെയും കടവനാടിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."