ഐ.എസ്.എല്‍: മുംബൈ സിറ്റി സെമിയില്‍; ചെന്നൈയിന് എഫ്.സിയെ 2-0ത്തിനു തകര്‍ത്തു
മുംബൈ: സ്വന്തം തട്ടകത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന് എഫ്.സിയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയിലെത്തി. അവസാന നാലില്‍ ഇടംപിടിക്കുന്ന ആദ്യ ടീമായും ഇതോടെ അവര്‍ മാറി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുംബൈ വിജയം പിടിച്ചത്. 13 മത്സരങ്ങളില്‍ നിന്നു 22 പോയിന്റുമായാണ് മുംബൈ സെമി ഉറപ്പിച്ചത്.
മത്സരത്തിലുടനീളം പന്തു കൂടുതല്‍ നേരം കൈവശം വച്ചിട്ടും ഗോളടിക്കാന്‍ മറന്നു പോയത് ചെന്നൈയിന്റെ വിധിയെഴുതി. കിട്ടിയ അവസരം ശരിക്കും മുതലെടുത്താണ് മുംബൈ വിജയം സ്വന്തമാക്കിയത്. കളിയുടെ 32ാം മിനുട്ടില്‍ മുംബൈ ലീഡെടുത്തു. സുനില്‍ ഛേത്രിയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഛേത്രി നല്കിയ പാസ് മത്യാസ് ഡെഫെഡെറിക്കോ ഇടംകാലന്‍ ഷോട്ടിലൂടെ വലയിലാക്കി. ചെന്നൈയിന് തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മുംബൈ പ്രതിരോധത്തിന്റെ തീവ്രത ശ്രമങ്ങള്‍ വിഫലമാക്കി.
രണ്ടാം പകുതിയിലും മുംബൈ ആക്രമണത്തില്‍ പിന്നോട്ടു പോയില്ല. ഛേത്രിയും ഫോര്‍ലാനും ചേര്‍ന്ന സഖ്യം നിരന്തരം ചെന്നൈയിന് പകുതിയിലേക്ക് പോരാട്ടം നയിച്ചു. ഏതു നിമിഷവും മുംബൈ ലീഡുയര്ത്തുമെന്ന പ്രതീതിയും ഇരുവര്‍ക്കും സൃഷ്ടിക്കാന്‍ സാധിച്ചു. അതു ശരിവയ്ക്കുന്നതായിരുന്ന മുംബൈയുടെ രണ്ടാം ഗോള്‍. ഛേത്രി- ഫോര്ലാന് സഖ്യത്തിന്റെ മുന്നേറ്റമായിരുന്നു ഇത്തവണ. ഛേത്രിയില്‍ നിന്നു പന്തു സ്വീകരിച്ച് ഫോര്ലാന് നല്കിയ പാസ് ഹാഫ് വോളിയിലൂടെ വലയിലെത്തിച്ച് ക്രിസ്റ്റ്യന്‍ വഡോസാണ് മുംബൈയുടെ ലീഡ് വര്‍ധിപ്പിച്ചത്.
തോല്‍വി വഴങ്ങിയ ചെന്നൈയിന് 14 പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. ചെന്നൈയിന്റെ പരാജയം ബ്ലാസ്റ്റേഴ്സിനും ആശ്വാസം നല്‍കുന്നതാണ്. ചെന്നൈയിന് വിജയിച്ചിരുന്നെങ്കില്‍ അവര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കുകയും അഞ്ചാമതുള്ള ബ്ലാസ്റ്റേഴ്സ് ആറിലേക്ക് ഇറങ്ങുകയും ചെയ്യുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."