ക്യാംപ് ഓഫിസ് നിഷേധിച്ചതിനു കാരണം സി.ബി.ഐയുടെ വീഴ്ച
പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പലത്തെ ഹക്കിം വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘത്തിനു പയ്യന്നൂരില്‍ ക്യാംപ് ഓഫിസ് നിഷേധിക്കപ്പെട്ടതിനു കാരണം സി.ബി.ഐയുടെ വീഴ്ച തന്നെയെന്ന് സൂചന. പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷനു സമീപത്തെ കൊറ്റി ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ചാണ് സി.ബി.ഐ സംഘം കേസന്വേഷണം നടത്തിയിരുന്നത്. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം കഴിയുമ്പോഴും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സി.ബി.ഐ ക്ക് കഴിഞ്ഞിട്ടില്ല. കേസന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്ന് പറയുന്ന സി.ബി.ഐ സംഘം ക്യാംപ് ഓഫിസ് വേണമെന്ന ആവശ്യം ഇപ്പോഴാണ് ഉന്നയിക്കുന്നത്. ആദ്യഘട്ടത്തില്‍ ഗസ്റ്റ് ഹൗസില്‍ തങ്ങിയാണ് സി.ബി.ഐ അന്വേഷണം നടത്തിയത്. പിന്നീട് ഇവിടെ തങ്ങുന്നത് ചുരുങ്ങി. നിലവില്‍ വളരെ കുറച്ചുദിവസങ്ങള്‍ മാത്രമാണ് സംഘം പയ്യന്നൂരില്‍ തങ്ങാറ്. ഇതിനായി പ്രത്യേകം ഓഫിസ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവരുടെ നിലപാട്. അതിനിടെ ഗസ്റ്റ് ഹൗസിലെ സ്ഥലപരിമിതിയും ക്യാംപ് ഓഫിസ് ആവശ്യപ്പെടുന്നതിനു കാരണമായി. സ്ഥിരം സംവിധാനമെന്ന നിലയില്‍ ഗസ്റ്റ്ഹൗസ് വിട്ടുകൊടുത്താല്‍ പിന്നീടത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ പറയുന്നു. കേസന്വേഷണത്തിനെത്തിയ സി.ബി.ഐ ഡി.വൈ.എസ്.പി ഡാര്‍വിന്‍, സി.ഐമാരായ സലാല്‍, അനീഷ് തുടങ്ങിയവരടങ്ങിയ ഏഴംഗസംഘമാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. സി.ബി.ഐ അന്വേഷണ സംഘത്തിന് ഓഫിസ് നിഷേധിച്ചതോടെ അന്വേഷണസംഘം എറണാകുളത്ത് നിന്നെത്തി അന്വേഷണം നടത്തേണ്ട സാഹചര്യമാണുള്ളത്. സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുടെ ജനകീയ പ്രക്ഷോഭവും സംയുക്ത സമരസമതിയും കൊല്ലപ്പെട്ട ഹക്കീമിന്റെ ഭാര്യ സീനത്തും ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസന്വേഷണം സി.ബി.ഐ ക്ക് കൈമാറി കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."