തൊഴില്‍ തേടിയെത്തി വഞ്ചിതരായ ഇതര സംസ്ഥാനക്കാര്‍ക്ക് വിശ്വാസികള്‍ തുണയായി
ആലുവ : മൈലുകള്‍ക്കപ്പുറമുള്ള അന്യനാട്ടില്‍ നിന്നും കുടുംബം പോറ്റാന്‍ തൊഴില്‍തേടി കേരളത്തിലെത്തി വഞ്ചിതരായ 4 അന്യ സംസ്ഥാനക്കാര്‍ക്ക് വിശ്വാസികള്‍ തുണയായി.
ജാര്‍ഖണ്ഡ് ബറാറി ഗ്രാമത്തിലെ ഇലക്ട്രിക്, ഡ്രൈവിംഗ് തൊഴിലാളികളായ മുഹമ്മദ് ഷംസു ആലം (38), മുഹമ്മദ് മിഖായേല്‍ (36), കമറുദ്ദീന്‍ ഷൈക്ക് (42), മുഹമ്മദ് നിയാസ് (50) എന്നിവരാണ് ഏറെ ദിവസങ്ങളായി കേരളത്തില്‍ അകപ്പെട്ടത്. ബറാറി ഗ്രാമത്തിലെ ഇലട്രിക് തൊഴിലാളികളായ മുഹമ്മദ് ഷംസു ആലം, മിഖായേല്‍ എന്നിവര്‍ക്കും, ഡ്രൈവറായ കമറുദ്ദീന്‍ ഷൈക്കിനും, സെയില്‍സ്മാനായ നിയാസിനും കേരളത്തില്‍ കൊച്ചിന്‍ റിഫൈനറിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഏര്‍പ്പെടുത്തി തരാമെന്നറിയിച്ചാണ് ജെമീല്‍ എന്ന ഏജന്റ് വഴി 4 പേരും കേരളത്തിലെത്തുന്നത്.
ഒരു മാസത്തിലേറെയായി കേരളത്തിലെത്തിയിട്ടും ജോലി ശരിയാകുകയോ, ഏജന്റിനെ കണ്ടെത്തുവാനോ കഴിഞ്ഞില്ല. ഇതുമൂലം പട്ടിണിയിലായ ഇവരെ സഹായിക്കുവാനും ആരും തയ്യാറായില്ല.
നോട്ട് പ്രതിസന്ധിമൂലം ഇവര്‍ക്കൊരു ജോലി ഏര്‍പ്പാടാക്കി നല്‍കുവാനും ആരും തയ്യാറായില്ല. നിരവധി സ്ഥലങ്ങളിലെത്തി തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചെങ്കിലും ഇവരെ പരിഗണിക്കുവാന്‍ ആരും മുന്നോട്ടുവരാതായതോടെയാണ് രണ്ടും കില്‍പിച്ച് ഇവര്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇതിനിടെ ആരോ പറഞ്ഞാണ് 4 പേരും ആലുവ ടൗണ്‍ ജുമാമസ്ജിദിലെത്തിയത്. ഇവരുടെ ദൈന്യാവസ്ഥ കണ്ടറിഞ്ഞ ഖത്തീബ് ഫരീരുദ്ദീന്‍ മൗലവി, ജുമുഅ ഖുത്തുബയില്‍ ഇവരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ അകമഴിഞ്ഞ് സഹായിക്കുകയായിരുന്നു. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുവാനും, വസ്ത്രത്തിനും, ഭക്ഷണത്തിനുമെല്ലാമുള്ള തുക ഓരോരുത്തര്‍ക്കും നല്‍കിയാണ് വിശ്വാസികള്‍ ഇവരെ യാത്രയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."