കേരളത്തിന് കോടികളുടെ നഷ്ടം ഇതര സംസ്ഥാന ബോട്ടുകളില്‍ നിന്നു യൂസര്‍ ഫീ ഈടാക്കുന്നില്ല ശിഹാബ് പാറപ്പുറം
തൃശൂര്‍: സംസ്ഥാനത്തെ കടലില്‍ മത്സ്യ ബന്ധനം നടത്തുന്ന ഇതര സംസ്ഥാന ബോട്ടുകളില്‍ നിന്ന് യൂസര്‍ ഫീ പിരിക്കാനുള്ള നീക്കം പാളുന്നു. വര്‍ഷം ഏകദേശം മൂന്നര കോടിയിലധികം രൂപയാണ് ഈ ഇനത്തില്‍ മാത്രം സംസ്ഥാന സര്‍ക്കാരിന് നഷ്ടം.
ഇതര സംസ്ഥാന ബോട്ടുകളുടെ വരവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് ബോട്ടുകള്‍ക്ക് യൂസര്‍ ഫീ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ഏകദേശം 1400ലധികം ഇതര സംസ്ഥാന ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. മൂന്നു മാസത്തേക്ക് 15000 രൂപയായിരുന്നു യൂസര്‍ ഫീയായി ബോട്ടുകള്‍ക്ക് തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ ബോട്ടുടമകളും മത്സ്യതൊഴിലാളികളും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി.
തീരദേശ മേഖലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് ഇടയാക്കുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. ഇതോടെ ഫീസ് 15000ല്‍ നിന്ന് പതിനായിരമാക്കി കുറയ്ക്കുകയായിരുന്നു. എന്നാല്‍ ഈ തുകയും കാര്യക്ഷമമായി പിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയില്ല.
ചില ബോട്ടുടമകള്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് ഫീ നല്‍കിയിരുന്നത്. ഫിഷറീസ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം 25000 രൂപയായി യൂസര്‍ ഫീ പുതുക്കി നിശ്ചയിച്ചെങ്കിലും ഫീസ് പിരിച്ചെടുക്കുന്നതിലും ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നതിലും കാര്യമായ നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ല. ഒരു രൂപ പോലും മുടക്കാതെ കേരള തീരത്തെത്തി കോടിക്കണക്കിന് രൂപയുടെ മത്സ്യമാണ് അന്യ സംസ്ഥാന ബോട്ടുകള്‍ വര്‍ഷം തോറും കേരളത്തില്‍ നിന്ന് കൊണ്ടു പോകുന്നത്. പലാജിക് നെറ്റും ട്രോള്‍ നെറ്റും ഉപയോഗിച്ചാണ് ഇത്തരം ബോട്ടുകളിലധികവും മത്സ്യബന്ധനം നടത്തുന്നത്. ഇതു സംസ്ഥാന തീരത്തെ മത്സ്യ ലഭ്യതകുറയാനും പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ദുരിതം വര്‍ധിപ്പിക്കാനും ഇടയാക്കുന്നു. ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കിയാല്‍ അന്യ സംസ്ഥാന ബോട്ടുകളുടെ വരവ് കുറയ്ക്കാന്‍ സഹായിക്കും. സി.എം.എഫ്.ആര്‍.എയുടെ നിര്‍ദേശമനുസരിച്ച് എല്ലാ യാനങ്ങളും സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുണ്ട്. കേരളാ ഹൈക്കോടതിയും ഇക്കാര്യം ശരിവച്ചിരുന്നു.
എന്നാല്‍ രജിസ്‌ട്രേഷന് ഏകീകരണമില്ലാത്തത് ഇതര സംസ്ഥാന ബോട്ടുകള്‍ക്ക് തുണയാവുകയാണ്. ബേപ്പൂര്‍, ചാലിയം, കണ്ണൂര്‍, മാപ്പിളബേ, കൊല്ലം നീണ്ടകര, എറണാകുളം വൈപ്പിന്‍, തിരുവനന്തപുരം, വിഴിഞ്ഞം തുടങ്ങിയ ഫിഷറീസ് സ്റ്റേഷനുകള്‍ വഴിയും മറ്റിടങ്ങളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ കാര്യാലയംവഴിയുമാണ് ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ നടക്കുന്നത്. എന്നാല്‍ ഈ മേഖലയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായാണ് ആരോപണം. രേഖകളില്ലാതെ ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത് വലിയ സുരക്ഷാ പ്രശ്‌നവും സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."